കുമളി: പെരിയാര്‍ ടൈഗർ റിസർവിലേക്കു മാറ്റിയ കാട്ടാന അരിക്കൊമ്പന്‍, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പന്‍ പിന്മാറി. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയോടെയാണ് പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മാറ്റിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റിരുന്നു.
സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റിയ സമയത്തോ യാത്രയ്ക്കിടയിലോ ആയിരിക്കാം പരുക്കേറ്റതെന്നാണു നിഗമനം.
ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തിൽ മുറിവുകൾ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളിൽ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.
അരിക്കൊമ്പനെ പ്രദേശത്തുനിന്നും മാറ്റിയിട്ടും ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പ്രദേശത്തെ ആളില്ലാത്ത ഷെഡ് തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടം തകര്‍ത്തു.
പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം ഷെഡ് പൂര്‍ണമായും തകര്‍ത്തു. ഷെഡിനകത്തുണ്ടായിരുന്ന സാധനകളും തകര്‍ത്തിട്ടുണ്ട്. രണ്ട് വലിയ ആനകളും രണ്ട് ആനക്കുട്ടികളുമടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുന്‍പ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ അരിക്കൊമ്പനാണ് എന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. അരിക്കൊമ്പന്‍ പോയതിന് ശേഷം സിമന്റ് പാലത്തിന് സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്ന സ്ഥിതിയാണ്.
ഈ ആനകള്‍ പ്രകോപിതരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 12 ആനകളടങ്ങുന്ന കൂട്ടത്തെയും ഇന്നലെ സ്ഥലത്ത് കണ്ടിരുന്നു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം ചിന്നക്കനാലിലെ കാട്ടാന ശല്യം ഇല്ലാതാകുന്നില്ലെന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.