ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിംഗ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.
കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ 2004-ല്‍ ബിജെപി സ്ഥാനാര്‍ഥിയായി കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, ബിജെപി വിട്ട ഖാന്‍ 15 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു. മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ല്‍ ആരിഫ് കോണ്‍ഗ്രസ് വിടുന്നത്. പിന്നീട് ജനതാദള്‍, ബിഎസ്പി എന്നീ പാര്‍ട്ടികളിലും ഖാന്‍ പ്രവര്‍ത്തിച്ചു.