നിലമേല്‍: പ്രതിഷേധക്കാര്‍ എന്ന പേരില്‍ തന്നെ ആക്രമിച്ചവര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരല്ലെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
‘പോലീസുകാരെ ഞാന്‍ കുറ്റം പറയുന്നില്ല കാരണം മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. പ്രതിഷേധമെന്ന പേരില്‍ എന്നെ ആക്രമിക്കാനും പോലീസ് പ്രതികരിക്കരുത് എന്ന നിര്‍ദേശം നല്‍കുന്നതും മുഖ്യമന്ത്രിയാണ്. പ്രതിഷേധങ്ങള്‍ക്കൊന്നും ഞാന്‍ എതിരല്ല; എന്നാല്‍ കൊടികള്‍ ഉപയോഗിച്ച് കാറില്‍ അടിച്ചപ്പോഴാണ് പ്രതികരിച്ചത്.’ – ഗവര്‍ണര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് എത്തിയവരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുണ്ടെന്നും അവരെ സംരക്ഷിക്കണമെന്ന് പോലീസിനു നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. അവര്‍ പാര്‍ട്ടിയുടെ കൂലിക്കാരാണെന്നും പ്രതിഷേധം കഴിഞ്ഞ് ചെല്ലുമ്പോള്‍ മുഖ്യമന്ത്രിയുടെ കൈയില്‍നിന്നു കൂലി കിട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
’17 പേര്‍ക്കെതിരയാണ് പോലീസിന്റെ എഫ്.ഐ.ആര്‍., എന്നാലിവിടെ പ്രതിഷേധക്കാരായി 50-ലധികം ആളുകളുണ്ടായിരുന്നു. പ്രതിഷേധക്കാരെക്കാള്‍ കൂടുതല്‍ പോലീസ് ഇവിടെ ഉണ്ടായിരുന്നു എന്നിട്ടും എന്തുകൊണ്ടാണ് അവരെ പിരിച്ചുവിടാന്‍ കഴിയാതിരുന്നത്? മുഖ്യമന്ത്രിയായിരുന്നു ഈ വഴി പോകേണ്ടിയിരുന്നതെങ്കില്‍ പോലീസ് ഇത്തരത്തില്‍ നിഷ്‌ക്രിയരായി ഇരിക്കുമായിരുന്നോ?’ – ഗവര്‍ണര്‍ ചോദിച്ചു.
തന്റെ പ്രതിഷേധം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ക്ക് താന്‍ എതിരല്ലെന്നും കാർ ആക്രമിച്ചതുകൊണ്ടാണ് പുറത്തിറങ്ങി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രതിഷേധിക്കുകയായിരുന്നില്ല എന്നും അക്രമികള്‍ക്കെതിരെ കേസെടുക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
‘നടപടിയെടുക്കാന്‍ കഴിവുള്ള ഞാന്‍ എന്തിന് പ്രതിഷേധിക്കണം? അക്രമികള്‍ക്കെതിരെ കേസെടുക്കാനാണ് കാത്തിരുന്നത്. ലഭിച്ച എഫ്.ഐ.ആറിന്റെ കോപ്പി കേന്ദ്രത്തിന് കൈമാറും. ക്ഷേമപെന്‍ഷനടക്കം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍, ഭരണപോരായ്മകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.’ – ഗവര്‍ണര്‍ പറഞ്ഞു.