ഒടുക്കത്തെ ലാഗ്, മലൈക്കോട്ടൈ വാലിബന്‍ വന്‍ പരാജയം; വിമര്‍ശകര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി
കൊച്ചി:വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചതുമുതലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കുള്ള കാരണം. സിനിമയുടെ ടീസറുകളും ട്രെയിലറും പുറത്തുവന്ന പാട്ടുകളും എല്ലാം ആ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ രണ്ട് തട്ടിലായി.
മലൈക്കോട്ടൈ വാലിബന്‍ മികച്ച ഒരു തിയേറ്റര്‍ അനുഭവമാണെന്നും, വിഷ്വലി മികച്ച സിനിമയാണെന്നും, നല്ല ഒരു പഴങ്കഥ കേള്‍ക്കുന്ന ഫീലോടെ കണ്ടു തീര്‍ക്കാന്‍ പറ്റിയ സിനിമയാണെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ചിലര്‍ക്ക് സിനിമ തീരെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഭയങ്കര ലാഗ് ആണ്, പ്രതീക്ഷിച്ച ആക്ഷനില്ല എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
യൂട്യൂബ് വ്‌ളോഗേഴ്‌സും സിനിമയെ കണ്ടംതുണ്ടമാക്കി വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. ഇങ്ങനെ ഒരു സിനിമ ഇത്ര വേഗതയില്‍ മാത്രമേ എടുക്കാന്‍ കഴിയൂ എന്നായിരുന്നു ലിജോയുടെ പ്രതികരണം. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം പുതിയ പോസ്റ്റര്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
‘ഒരു മുത്തശ്ശിക്കഥ’ എന്ന ടൈറ്റിലില്‍ ഇറക്കിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതാണ് സത്യം, ഒരു മുത്തശ്ശിക്കഥയുടെ ഫീല്‍ ഗുഡോടുകൂടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കെജിഎഫ്, ബാഹുബലി പോലുള്ള തെലുങ്ക് സൂപ്പര്‍ ഫാസ്റ്റ് സിനിമകളുമായി കിടപിടിക്കാന്‍ വന്ന സിനിമയല്ല മലൈക്കോട്ടൈ വാലിബന്‍. അത് വേറിട്ടൊരു ദൃശ്യാവിഷ്‌കാരമാണ്. അതിനെ അതിന്റെ മൂഡ് അനുസരിച്ച് ഉള്‍ക്കൊള്ളണം എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
സിനിമയുടെ മേക്കിങിനെ കുറിച്ചോ, വിഷ്വലിനെ കുറിച്ചോ, പശ്ചാത്തല സംഗീതത്തെ കുറിച്ചോ, അഭിനയത്തെ കുറിച്ചോ ഒന്നും ആര്‍ക്കും വലിയ രീതിയിലുള്ള എതിരഭിപ്രായങ്ങളില്ല. ആകെയുള്ള വിമര്‍ശനം, സിനിമ ലാഗ് ആണ്, വലിച്ചു നീട്ടുന്നു എന്നതാണ്.
ഇതൊരു മുത്തശ്ശിക്കഥയാണ് എന്ന് പറയുന്നതോടെ, അതിനപ്പുറത്തേക്ക് ഒന്നുമില്ല. വിമര്‍ശകരുടെ വായടപ്പിക്കാന്‍ മോഹന്‍ലാലിന്റെ ഈ ഒരു പ്രതികരണം തന്നെ മതി എന്നാണ് ആരാധകര്‍ പറയുന്നത്. മാസ് ഡയലോഗുകള്‍ക്ക് കൈയ്യടിച്ച് തിയേറ്റര്‍ പൂരപ്പറമ്പ് ആക്കുന്നതിനപ്പുറം ഇത്തരം ക്വാളിറ്റി എക്‌സ്പിരിമെന്റുകളെ അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം എന്നാണ് സിനിമ ഇഷ്ടപ്പെട്ടവരുടെ വാദം.