ആനയെ നോക്കുന്നതിൽ തർക്കം; ആനസവാരി കേന്ദ്രത്തിൽ ഒന്നാം പാപ്പാനെ രണ്ടാം പാപ്പാൻ കുത്തിക്കൊന്നു

മൂന്നാര്‍: കൊരണ്ടിക്കാട് ആനസവാരി കേന്ദ്രത്തില്‍ ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി വിമല്‍ (31) ആണ് മരിച്ചത്. വിമലിനെ കുത്തിയ രണ്ടാം പാപ്പാന്‍ മണികണ്ഠ(29)നെ മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡില്‍ കൊരണ്ടിക്കാട് ഭാഗത്തുള്ള ആനസവാരി കേന്ദ്രത്തില്‍ വെച്ചാണ് കത്തികുത്ത് നടന്നത്. ജൂലി എന്ന ആനയുടെ പാപ്പാന്‍മാരായിരുന്നു ഇരുവരും.

രാവിലെ ആനയെ നോക്കുന്ന കാര്യത്തിലും മാറ്റിത്തളയ്ക്കുന്ന കാര്യത്തിലും ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ ആനയെ കുളിപ്പിക്കുന്ന സ്ഥലത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും മണികണ്ഠന്‍ കൈയ്യില്‍ കരുതിയ കത്തികൊണ്ട് വിമലിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ വിമലിനെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുത്തിയശേഷം ഓടി ഓഫീസില്‍ കയറിയ പ്രതി മണികണ്ഠനെ നാട്ടുകാര്‍ മൂന്നാര്‍ പോലീസിന് കൈമാറി. മരിച്ച വിമല്‍ അവിവാഹിതനാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്കയച്ചു. പ്രതിയെ നടപടികള്‍ പൂര്‍ത്തികരിച്ച് ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News