ദോഹ: ക്വാര്‍ട്ടര്‍ പോരാട്ടത്തിനിങ്ങുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് അതിശക്തരായ നെതര്‍ലന്‍ഡ്‌സ് ആണ്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ വരുന്ന ഓറഞ്ച് പടയെ കീഴ്‌പ്പെടുത്തി സെമി ഉറപ്പിക്കാന്‍ മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ ഖത്തറില്‍ ഇന്ന് തീ പാറുമെന്ന് ഉറപ്പാണ്. എന്നാല്‍ മികച്ച ഫോമിലുള്ള അര്‍ജന്റൈന്‍ നായകന്‍ മെസ്സിയെ തങ്ങള്‍ ഭയക്കുന്നില്ലെന്ന് പറഞ്ഞ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട് രംഗത്തെത്തി.
‘ലയണല്‍ മെസ്സിയും സാധാരണ മനുഷ്യനാണ്. പിഴവുകള്‍ സംഭവിക്കാവുന്ന കളിക്കാരന്‍. അദ്ദേഹം പെനാല്‍റ്റി പാഴാക്കുന്നത് നമ്മള്‍ കണ്ടതാണ്. നെതര്‍ലന്‍ഡ്‌സ് ആരെയും ഭയക്കുന്നില്ല. ‘ എന്നാണ് നോപ്പര്‍ട്ട് പറഞ്ഞത്. അര്‍ജന്റീനയുമായി ഷൂട്ടൗട്ടില്‍ എത്തിയാല്‍ മെസ്സിയെ എങ്ങനെ നേരിടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. മെസ്സിക്കും തെറ്റുകള്‍ പറ്റാമെന്നും ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയ മെസ്സി സൗദിക്കെതിരെയും പോളണ്ടിനെതിരെയും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു.
അതിനിടെ അര്‍ജന്റീനയെയും മെസ്സിയെയും ഭയപ്പെടുന്നില്ലെന്ന് നെതര്‍ലന്‍ഡ്‌സ് കോച്ച് വാന്‍ ഗാലും വ്യക്തമാക്കിയിരുന്നു. ‘ലയണല്‍ മെസ്സി അപകടകാരിയായ താരമാണ്. എന്നാല്‍ പന്ത് നഷ്ടപ്പെട്ടാല്‍ അയാള്‍ക്കൊന്നും ചെയ്യാനാകില്ല. ആ അവസരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’
വാന്‍ ഗാലിന്റെ വാക്കുകളില്‍ കൃത്യമായ പദ്ധതികളും ആത്മവിശ്വാസവുമുണ്ട്. രണ്ട് ലോകകപ്പിനു മുന്നേയുള്ള ഒരു കണക്ക് ഞങ്ങള്‍ക്ക് തീര്‍ക്കാനുണ്ടെന്നും മെസ്സിയെ പൂട്ടാനറിയാമെന്നും അദ്ദേഹം പറഞ്ഞു. 2014 ലോകകപ്പ് സെമിയില്‍ മെസ്സിയോടും കൂട്ടരോടും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന്റെ അരിശവും വാന്‍ ഗാലിന്റെ വാക്കുകളില്‍ പ്രകടമാണ്.
ലോകകപ്പില്‍ ഇതുവരെ നാല് കളികളിലായി വെറും രണ്ടു ഗോളുകളാണ് ഓറഞ്ചുപടയുടെ കാവല്‍ക്കാരന്‍ ആന്ദ്രിസ് നോപ്പര്‍ട്ട് വഴങ്ങിയത്. 15 സേവുകള്‍ നടത്തുകയും ഗോളാകേണ്ടിയിരുന്ന 88 ശതമാനം പന്തുകള്‍ തടയുകയും ചെയ്തു. അതേസമയം അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി മൂന്ന് ഗോളുകളുമായി ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്.