ലഖ്‌നൗ: ഏറെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അര്‍ച്ചന ഗൗതം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനാര്‍ത്ഥികളിലൊരാളു കൂടിയാണ് അര്‍ച്ചന ഗൗതം.
2021ലായിരുന്നു അര്‍ച്ചനയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം. മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട 125 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് അര്‍ച്ചനയും ഇടംപിടിച്ചത്.
എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ അര്‍ച്ചനയുടെ ഫാഷന്‍ ഷോകളിലെ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ രാഷ്ട്രീയ ആയുധമായി അര്‍ച്ചനയുടെ എതിരാളികള്‍ ഏറ്റെടുക്കുകയും ചെയ്തു.
2018ലെ മിസ് ഉത്തര്‍പ്രദേശ് വിജയിയായിരുന്നു അര്‍ച്ചന. 2015ല്‍ ‘ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. നിരവധി ഫാഷന്‍ ഷോകളിലും വിജയിയായിരുന്നു.
എന്നാല്‍, തന്റെ പ്രഫഷനും രാഷ്ട്രീയ ജീവിതവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി. ‘2018ലെ മിസ് ബിക്കിനിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014ല്‍ മിസ് ഉത്തര്‍പ്രദേശും 2018ലെ മിസ് കോസ്‌മോ വേള്‍ഡുമായിരുന്നു ഞാന്‍. മാധ്യമരംഗത്തെ എന്റെ ജോലിയെ രാഷ്ട്രീയജീവിതവുമായി കൂട്ടിക്കുഴക്കരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ എന്നും അര്‍ച്ചന പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അര്‍ച്ചനയ്‌ക്കെതിരെ വിദ്വേഷ ക്യാമ്പെയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സംഘപരിവാറിന്റെ സൈബര്‍ സെല്ലുകള്‍. താരത്തിന്റെ സിനിമകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് എതിര്‍കക്ഷികള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായ താരത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ബി.ജെ.പി വരേണ്ടെന്ന മറുപടിയുമായി കോണ്‍ഗ്രസിന്റെ സൈബര്‍ അണികളും രംഗത്തെത്തിയിട്ടുണ്ട്.
Good for Archana that she is doing everything she wishes to. Whether it’s winning Ms Bikini or standing for elections. Frankly Archana Gautam is far better in public life than terror accused Pragya. As women we should empower other women. Not pull them down with random videos!
— Rohini Singh (@rohini_sgh) January 13, 2022
But giving ticket to Miss Bikini 2018 Archana Gautam is not good.
— Ashok🇮🇳 (@advocateashokc) January 13, 2022
അർച്ചന ഗൗതമിന് കോൺഗ്രസ് ടിക്കറ്റ് പ്രഖ്യാപിച്ചതിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ വളരെ മോശമായ രീതിയിലാണ് താരത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അര്‍ച്ചനക്കെതിരെ വ്യക്തിഹത്യയാണ് നടത്തുന്നതെന്നും താരത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ വനിതാ ശിശു വികസന മന്ത്രിയും ബിജെപി നേതാവുമായ സമൃതി ഇറാനി പഴയ നടിയും മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത ആളാണെന്ന കാര്യം മറന്നുപോകരുതെന്നും തിരിച്ചടിച്ചു.