30 C
Kottayam
Friday, May 17, 2024

“കേന്ദ്രം ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകില്ല: സഹായിക്കണം”-കെജ്‌രിവാൾ,സിങ്കപ്പൂരില്‍ നിന്നും ക്രയോജനിക് കണ്ടെയ്‌നറുകളില്‍ എത്തി

Must read

ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടിയതോടെ ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഓക്സിജന്‍ മതിയാകാത്ത സ്ഥിതിയാണ്. കൂടുതൽ ഓക്സിജൻ ഉള്ള സംസ്ഥാനങ്ങൾ സഹായിക്കണം. കോവിഡിനെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കേജ്‍രിവാൾ കത്തെഴുതിയിട്ടുണ്ട്. ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യമല്ലാത്തതു കാരണം 25 പേർ മരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 20,000 ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രാജ്യത്ത് രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിയ്ക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്നറുകള്‍ ഇന്ത്യയിലെത്തി. വ്യോമസേന വിമാനത്തിലാണ് കണ്ടെയ്നറുകളെത്തിയത്.

ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്നറുകളാണ് സിംഗപ്പൂര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. കണ്ടെയ്നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ വൈകുന്നേരത്തോടെയാണ് ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ എത്തിയത്. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.

ഓക്സിജന്‍ ലഭ്യതയ്ക്കായി ജര്‍മ്മനിയില്‍ നിന്നും 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ റഷ്യയും ചൈനയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഓസ്ട്രേലിയയും ഫ്രാന്‍സും ഇംഗ്ലണ്ടും കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മാത്രം 348 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 24,331 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യതലസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 32 ശതമാനമാണ്. 92,000 പേരാണ് കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്-28,395.

രോഗം ബാധിച്ച് വ്യാഴാഴ്ച 306 പേരാണ് മരിച്ചത്. ബുധനാഴ്ച-249, ചൊവ്വാഴ്ച-277, തിങ്കളാഴ്ച 240, ഞായറാഴ്ച -161, ശനിയാഴ്ച 167 എന്നിങ്ങനെയാണ് മരണസംഖ്യ.

ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് ഡല്‍ഹിയില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. മിക്ക ആശുപത്രികളിലും സ്റ്റോക്ക് അവസാനിക്കാറായ സാഹചര്യമാണുളളത്. ഐസിയു കിടക്കകളും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും എത്തിക്കണമെന്ന സഹായ അഭ്യര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week