കൊച്ചി: ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയ്ക്ക് നേരെ തിയേറ്ററിൽ കയ്യേറ്റശ്രമം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂൺ രണ്ടിന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.
സന്തോഷ് വർക്കി സിനിമ മുഴുവൻ കാണാതെ അഭിപ്രായം പറഞ്ഞെന്നാണ് തർക്കം. സന്തോഷ് വർക്കിയുടെ സിനിമ റിവ്യൂകൾക്ക് ചില ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറുണ്ട്. സിനിമ കാണാതെ ഓൺലൈൻ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിർമാതാവും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എത്തി ഇയാളെ ചോദ്യം ചെയ്തത്.
പിന്നീട് ഇവർ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തു. സിനിമ മുഴുവൻ കാണാതെ താങ്കൾ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അണിയറ പ്രവർത്തകർ സന്തോഷ് വർക്കിയോട് ചോദിക്കുന്നത്. താങ്കൾ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്ന് അണിയറ പ്രവർത്തകർ ചോദിച്ചു.
50,000 രൂപ നൽകിയാൽ നല്ല റിവ്യൂ നൽകാമെന്ന് സന്തോഷ് വർക്കി പറഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ആരോപിച്ചു. അതേസമയം, ഫിൽമി വുഡ് എന്ന ഓൺലൈൻ മീഡിയയിലെ അബൂബക്കർ എന്ന വ്യക്തി തന്നെ കൊണ്ട് നിർബന്ധിച്ചതാണെന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും സന്തോഷ് വർക്കി വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.