കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി വളരെ പെട്ടെന്നാണ് ജനപ്രിയ നടിയായത്. മലയാളത്തിൽ പിന്നീട് സൺഡേ ഹോളിഡേ ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിൽ നായികയായെത്തിയ അപർണ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴ് ചിത്രം സുരരൈ പൊട്രിലൂടെ അത്യുഗ്രൻ തിരിച്ചു വരവാണ് നടത്തിയത്.
സിനിമയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും അപർണയ്ക്ക് ലഭിച്ചു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അപർണ ബാലമുരളി നടത്തിയ ചില പ്രസ്താവനകൾ ചർച്ചയായിരുന്നു. സിനിമയിൽ നായികമാർക്ക് ന്യായമായ പ്രതിഫലം നൽകേണ്ടതുണ്ടെന്നായിരുന്നു അപർണയുടെ പ്രസ്താവന ഇത് വലിയ തോതിൽ ചർച്ചയായി. നിർമാതാവ് സുരേഷ് കുമാറുൾപ്പെടെ തുല്യ പ്രതിഫലം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.
ഇപ്പോൾ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അപർണ ബാലമുരളി. തുല്യ പ്രതിഫലമല്ല ന്യായമായ പ്രതിഫലമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നതെന്നാണ് അപർണ പറയുന്നത്. പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. മഞ്ജു വാര്യർക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് കാപ്പ എന്ന ചിത്രത്തിന്റെ ഭാഗമായത്.
പക്ഷെ മഞ്ജുവിന് നൽകുന്ന അതേ പ്രതിഫലം തനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ലെന്നും അപർണ പറഞ്ഞു. അവർക്ക് അത്രയും വർഷത്തെ അനുഭവമുണ്ട്. സിനിമാ വ്യവസായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ്. അവർക്ക് നൽകുന്ന പൈസ എനിക്ക് വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. പക്ഷെ പ്രതിഫലം ന്യായമായിരിക്കണം. തുല്യമാവുന്നതും ന്യായമാവുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു. ന്യൂസ്റപ്റ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നേരത്തെ നടൻമാരും നടിമാരും തമ്മിൽ പ്രതിഫലത്തിലുള്ള വ്യത്യാസത്തെ പറ്റി അപർണ ബാലമുരളി സംസാരിച്ചിരുന്നു. സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നു. അത് ശരിയല്ല.
പണത്തിനോടുള്ള ആർത്തി കൊണ്ടല്ല. നിസ്സഹായവസ്ഥയാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും അപർണ പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയ കാലമാണിത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും അപർണ ചൂണ്ടിക്കാട്ടി.
അപർണയുടെ പരാമർശത്തിനെതിരെ നേരത്തെ നിർമാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. അപർണ ബാലമുരളി സ്വന്തം മികവ് കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെയെന്നും അപ്പോൾ അപർണയ്ക്കും അതേ പ്രതിഫലം നൽകാമെന്നുമായിരുന്നു സുരേഷ് കുമാർ പറഞ്ഞത്. മോഹൻലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയ്യറ്റിൽ കയറുന്നത്. ഇതേ പ്രതിഫലം തന്റെ മകൾ നടി കീർത്തി സുരേഷിന് നൽകണമെന്ന് പറഞ്ഞാൽ നടക്കുമോയെന്നും സുരേഷ് കുമാർ ചോദിച്ചു.