സതീശനെ മാറ്റിയാല്‍ എനിക്കൊന്നും വേണ്ട; ധൃതിയില്ല, ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല: അന്‍വർ

നിലമ്പൂര്‍: യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മാറ്റിയാല്‍ തനിക്ക് ഒന്നുംവേണ്ടെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ നേരത്തെ മന്ത്രിസ്ഥാനമടക്കമുള്ള ഉപാധികള്‍ അന്‍വര്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്‍ മാറിയാല്‍ തനിക്ക് മറ്റൊന്നും വേണ്ടന്ന നിലപാടുമായി അന്‍വര്‍ രംഗത്തെത്തിയത്.

'മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയത് പി.വി.അന്‍വര്‍ ഇടപ്പെട്ട ശേഷമാണ്. എനിക്ക് ഒന്നും വേണ്ട. സതീശനെ യുഡിഎഫ് ചെയര്‍മാന്‍സ്ഥാനത്ത്‌നിന്ന് മാറ്റിനിര്‍ത്തുകയാണെങ്കില്‍ എനിക്ക് ഒന്നുംവേണ്ട. ധൃതിയില്ല. ഇപ്പോള്‍ മാറ്റേണ്ട, ധൃതിയില്ല. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാല്‍മതി. സതീശന്റെ നേതൃത്വത്തില്‍ ഇനി യുഡിഎഫിന് മുന്നോട്ട് പോകാന്‍ കഴിയില്ല' അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല. പിണറായിസത്തിന്റെ പിന്നില്‍ നില്‍ക്കുന്ന സ്വരാജിനെ ജയിപ്പിക്കാന്‍ താന്‍ അനുവദിക്കണോയെന്നും അന്‍വര്‍ ചോദിച്ചു.

'നാട്ടുകാരെല്ലാം എന്നോട് പറയുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ നിങ്ങള്‍ തന്നെ വേണമെന്നാണ്. ഇപ്പോള്‍ ഇവിടെ കാണുന്ന മന്ത്രിമാരും നേതാക്കന്മാരുമൊക്കെ പോകും. ഇവിടെ കട്ടന്‍ചായ കുടിച്ച് അങ്ങാടിയില്‍ ഇരിക്കാന്‍ നിങ്ങളേ ഉണ്ടാകൂ എന്നാണ് അവര് പറയുന്നത്' അന്‍വര്‍ പറഞ്ഞു.

ഇതിനിടെ സ്വതന്ത്രനായി മത്സരിക്കുന്ന അന്‍വറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്രിക ചിഹ്നം അനുവദിച്ചു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അന്‍വറിന്റെ പത്രിക കമ്മിഷന്‍ തള്ളിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News