EntertainmentNationalNews

ഷാരൂഖ് ഖാൻ നട്ടെല്ലുള്ള മനുഷ്യൻ, വ്യക്തിപരമായി നേരിടേണ്ടിവന്ന ആക്രമണങ്ങൾക്ക് സ്ക്രീനിലൂടെ അദ്ദേഹം മറുപടി നൽകി:അനു​രാ​ഗ് കശ്യപ്

മുംബൈ:നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറുന്ന ബോളിവുഡിന് വലിയൊരു കൈത്താങ്ങ് ആണ് പഠാൻ നൽകിയതെന്ന് നിസംശയം പറയാനാകും. ഈ അവസരത്തിൽ ഷാരൂഖിനെയും പഠാൻ സിനിമയെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. 

ഷാരൂഖ് ഖാൻ നട്ടെല്ലുള്ള മനുഷ്യൻ ആണെന്നും പഠാൻ സിനിമയ്ക്കെതിരെയും വ്യക്തിപരമായും നേരിടേണ്ടിവന്ന ആക്രമണങ്ങൾക്ക് സ്ക്രീനിലൂടെ അദ്ദേഹം മറുപടി നൽകിയെന്നും അനു​രാ​ഗ് പറയുന്നു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം ജനങ്ങൾ തിയറ്ററിലേക്ക് എത്തിയെന്നും അത് ഉന്മേഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

“പ്രേക്ഷകർ തിയറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിനേക്കാൾ ഉപരി പ്രേക്ഷകർ തിയറ്ററുകളിൽ നൃത്തം ചെയ്യുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം കുറച്ചുകാലമായി ഇല്ലായിരുന്നു. ഇത് സാമൂഹികവും രാഷ്ട്രീയവുമായ ഉന്മേഷം കൂടിയാണ്. അതൊരു പ്രസ്താവന നടത്തുന്നത് പോലെയാണ്. വിവാദങ്ങൾ സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാൽ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനിൽ സംസാരിച്ചു. നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ്. അദ്ദേഹത്തെ പോലെ സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്ന് ഷാരൂഖ് പഠിപ്പിക്കുകയാണ്. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോൾ നമുക്ക് കാണാൻ കഴിയും’, എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാൻ ചിത്രം. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 542 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമായുള്ള കളക്ഷനാണിത്. റിലീസായി ആദ്യ ഞായറാഴ്ച ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും പഠാന്‍ നേടിയത് 60 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button