‘ആമിര്‍ ഖാന്‍ വാക്ക് പാലിച്ചിരുന്നെങ്കില്‍ എന്റെ സഹോദരന്‍ ജീവിച്ചിരുന്നേനെ’; കണ്ണീരോടെ അനുപം ശ്യാമിന്റെ സഹോദരന്‍
ന്യൂഡല്‍ഹി: നടന്‍ ആമിര്‍ ഖാന്‍ കാരണം തന്റെ സഹോദരന്‍ വളരെ ഹൃദയം നൊന്താണ് മരിച്ചതെന്നും അവസാനമായി അമ്മയെ കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ആരോപിച്ച് അന്തരിച്ച നടന്‍ അനുപം ശ്യാമിന്റെ സഹോദരന്‍ രംഗത്ത്. ലഗാന്‍, മംഗള്‍ പാണ്ഡേ എന്നീ ചിത്രങ്ങളില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച അനുപം ശ്യാം തിങ്കളാഴ്ച അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്.
വൃക്ക അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയും മരണം സംഭവിക്കുകയുമാണ് ചെയ്തത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ തന്റെ വാക്കുപാലിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് അനൂപമിന്റെ സഹോദരന്‍ അനുരാഗ് പറയുന്നത്.
അനുപമിന് ആമിര്‍ ഖാന്‍ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പിന്നീട് നടന്‍ വിളിച്ചാല്‍ എടുക്കാതെയായതായും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കുറ്റപ്പെടുത്തി.
‘ഞങ്ങളുടെ മാതാവ് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലുള്ള ഗ്രാമത്തിലാണ് കഴിയുന്നത്. അമ്മയുടെ അടുത്ത് പോയി താമസിക്കാന്‍ സഹോദരന് താല്‍പര്യമുണ്ടായിരുന്നു. ഗ്രാമത്തില്‍ ഡയാലിസിസ് കേന്ദ്രമില്ലാത്തതിനാല്‍ സഹോദരന് അവിടേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ നാല് മെഷീനുകള്‍ സ്ഥാപിച്ച് ഗ്രാമത്തില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാനായി ആമിര്‍ ഖാനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. നിങ്ങള്‍ക്ക് നാലല്ല അഞ്ച് മെഷീന്‍ വാങ്ങാമെന്ന് ഉറപ്പ് നല്‍കിയ ആമിര്‍ സെക്രട്ടറിയുമായി സംസാരിച്ച ശേഷം വിവരമറിയിക്കാമെന്നും പറഞ്ഞു.’
‘പക്ഷെ, പിന്നീട് ഒന്നും സംഭവിച്ചില്ല. സഹോദരന്റെ കോളുകള്‍ എടുക്കാത്ത ആമിര്‍ മെസേജുകള്‍ വായിക്കാതെയുമായി. അതോടെ അമ്മയെ അവസാനമായി കാണാനുള്ള ചേട്ടന്റെ ആഗ്രഹം നടന്നില്ല. അമ്മ മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും സഹോദരന് സാധിച്ചില്ല. ഇപ്പോള്‍ ചേട്ടനും വിടവാങ്ങിയിരിക്കുകയാണ്’-അനുരാഗ് പറയുന്നു.