കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അനുമോളും ആതിര മാധവും ചേർന്ന് നടത്തിയ ഒരു ‘അപകടകരമായ’ പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജോളോ ചിപ്പ്’ (Jolo Chip) കഴിച്ചുകൊണ്ടുള്ള ഇരുവരുടെയും വീഡിയോയാണ് വൈറലായിരിക്കുന്നത്. അനുമോളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ഏറെ നാളായുള്ള ആഗ്രഹത്തിനൊടുവിലാണ് താൻ ജോളോ ചിപ്പ് വാങ്ങിയതെന്ന് അനുമോൾ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. എന്നാൽ ആദ്യത്തെ കഷ്ണം കഴിച്ചയുടൻ തന്നെ കാര്യങ്ങൾ കൈവിട്ടുപോയി. കടുത്ത എരിവ് കാരണം ‘അമ്മേ’ എന്ന് വിളിച്ച് ഇരുവരും കരയുന്നതും ആതിര വെള്ളമെടുക്കാൻ ഓടുന്നതുമാണ് വീഡിയോയിലുള്ളത്.
ചിപ്‌സ് കഴിച്ചതിന് പിന്നാലെ ഇരുവരുടെയും കണ്ണ് നിറഞ്ഞൊഴുകുകയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. ചെവിയിൽ വരെ നീറ്റൽ അനുഭവപ്പെടുന്നുവെന്ന് ആതിര പറഞ്ഞപ്പോൾ, തനിക്ക് തല കറങ്ങുന്നത് പോലെ തോന്നുന്നു എന്നായിരുന്നു അനുമോളുടെ പ്രതികരണം.
ഇത് തന്റെ ശത്രുക്കൾക്ക് കൊടുക്കാൻ പറ്റിയ സാധനമാണെന്ന് അനുമോൾ തമാശ രൂപേണ പറയുന്നുമുണ്ട്.
വെറും വയറ്റിലാണ് തങ്ങൾ ഈ സാഹസത്തിന് മുതിർന്നതെന്നും എന്നാൽ മറ്റാരും ഇങ്ങനെ ചെയ്യരുതെന്നും ഇരുവരും വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. തമാശയ്ക്ക് പോലും ജോളോ ചിപ്പ് വാങ്ങി പരീക്ഷിക്കരുത്. പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്ക് ഇത് യാതൊരു കാരണവശാലും വാങ്ങി നൽകരുതെന്ന് ഇരുവരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
താരങ്ങളുടെ സൗഹൃദവും ഒത്തൊരുമിച്ചുള്ള റീലുകളും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് അനുമോൾ ആതിരയുമായുള്ള തന്റെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
Popular television stars Anumol and Athira Madhav have caught public attention after a video of them attempting the infamous ‘Jolo Chip Challenge’ went viral on YouTube. The challenge, which involves eating a tortilla chip seasoned with the world’s hottest peppers, left both actresses in severe physical distress. Anumol reported feeling dizzy, while Athira complained of intense ear discomfort and difficulty breathing. Following their harrowing experience, the duo issued a warning to their fans, especially children and people with underlying health conditions, advising them not to attempt such dangerous food challenges.


