EntertainmentKeralaNews

നിങ്ങളുടെ കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക് കുഞ്ഞാലി വരും, സന്തോഷം പങ്കുവെച്ച് ആൻറണി പെരുമ്പാവൂർ

കൊച്ചി:മരക്കാര്‍’ (Marakkar) തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor). സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലുണ്ടായ തീരുമാനം സിനിമാ മന്ത്രി സജി ചെറിയാന്‍ തന്നെയാണ് വൈകിട്ട് പ്രഖ്യാപിച്ചത്. ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഡിസംബര്‍ 2 ആണ് റിലീസ് തീയതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പിന്നീട് മരക്കാര്‍ ടീമിന്‍റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലും (Mohanlal) എത്തിയിരുന്നു. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിന് ശ്രമിച്ചവര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു

പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. ലാൽ സാറിന്‍റെയും പ്രിയദർശൻ സാറിന്‍റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്‍നചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കൊണ്ടു പോയി.

അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തിയറ്ററുകളിലേക്കു തന്നെ എത്താൻ പോവുകയാണ്.

നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തിക്കൊണ്ടാണ് ഈ തീരുമാനം. ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തിയറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ആശിർവാദ് സിനിമാസിനെ എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്‍റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button