മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി െപരുമ്പാവൂർ. തിയറ്ററിൽ റിലീസ് നടക്കാത്തതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ സിനിമ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കു പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.
‘ഇതിനു മുമ്പ് പല മോശപ്പെട്ട സാഹചര്യങ്ങളിലും തിയറ്റർ ഉടമകൾ എന്നെ സഹായിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സമയത്തും അവർക്ക് എന്നെ പിന്തുണയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങനെയയൊരു ചർച്ച നടന്നതായി ഞാൻ മനസിലാക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് മീറ്റിങുകൾ അവർ നടത്തി. എന്നാൽ നേതാക്കൾ ആരും എന്നെ വിളിച്ചില്ല. ഒരുകാര്യംപോലും സംസാരിക്കാൻ അവർ തയാറായില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തി. അവരോട് ഞാൻ ചെയ്ത തെറ്റെന്തെന്ന് എനിക്ക് മനസിലാകുന്നില്ല.’
‘കഴിഞ്ഞ തവണ തിയറ്ററുകൾ തുറന്ന സമയത്ത് മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. അതനുസരിച്ച് തിയറ്റർ സംഘടനകളുമായി ചർച്ച നടത്തി. കേരളത്തിലെ എല്ലാ സ്ക്രീനിലും 21 ദിവസം മരക്കാർ പ്രദർശിപ്പിക്കണമെന്ന് അറിയിച്ചു. കാരണം ഈ സിനിമ മലയാളികൾക്കു അഭിമാനിക്കാവുന്ന ചിത്രമാണ്. അവരും ഇക്കാര്യം സമ്മതിച്ചു. എന്നാൽ എല്ലാ തിയറ്ററുകളിൽ നിന്നും ഇക്കാര്യം പറഞ്ഞ് എഗ്രിമന്റ് വാങ്ങിക്കണമെന്ന് പറഞ്ഞു.’
‘അങ്ങനെ 230 തിയറ്ററുകളിലേയ്ക്ക് എഗ്രിമെന്റിന്റെ പകർപ്പ് എന്റെ ഓഫിസിൽ നിന്നും അയച്ചു. അതിൽ എൺപത് തിയറ്ററുകൾ മാത്രമാണ് ആ എഗ്രിമെന്റ് ഒപ്പിട്ട് തിരിച്ചയച്ചത്. അന്ന് തന്നെ എനിക്കൊരു കാര്യം മനസിലായി. ഇതിൽ എല്ലാവരുടെയും പിന്തുണ എനിക്ക് കിട്ടില്ലെന്നത്. ആ സമയത്ത് മറ്റ് വലിയ സിനിമകളും റിലീസിനെത്തുന്നു എന്നതായിരുന്നു അവരുടെ ന്യായം. അങ്ങനെയൊരു സാഹചര്യം എനിക്ക് അദ്ഭുതമായിരുന്നു.’–ആന്റണി വ്യക്തമാക്കി.
‘രണ്ടാമത് തിയറ്റർ തുറന്നപ്പോൾ ഇവരാരും എന്നെ വിളിച്ചില്ല. മറ്റ് പല നിർമാതാക്കളെയും വിളിച്ച് സിനിമയുടെ റിലീസുകൾ ഇവർ അന്വേഷിച്ചു. മരക്കാർ എന്ന് റിലീസ് ചെയ്യും, നമുക്ക് എങ്ങനെ ഒന്നിച്ച് നിൽക്കാം എന്നൊരു വാക്കുപോലും ഇവർ വിളിച്ച് ചോദിച്ചില്ല. എന്നെ വിളിച്ച് സംസാരിക്കാതിരുന്നത് വിഷമിപ്പിച്ചു. കാരണം തിയറ്ററുകളിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ റിലീസ് ചെയ്താൽ മാത്രമാണ് ബിസിനസ് നടക്കൂ. എന്റെ സങ്കടം മോഹൻലാൽ സാറിനോടു പറഞ്ഞു. ‘ആന്റണി, ഒരുപാട് സിനിമകൾ ഇനിയും ചെയ്യണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരാണ് നമ്മൾ. അങ്ങനെ നടക്കണമെങ്കിൽ നമുക്ക് അതിനുള്ള ശക്തിയും ഉണ്ടാകണം. അതൊരു സിനിമ കൊണ്ട് മാത്രം നഷ്ടപ്പെടുത്തരുത്.’–ഇങ്ങനെയായിരുന്നു ലാൽ സാറിന്റെ മറുപടി. ആ വാക്കുകളിൽ നിന്നാണ് ഈ ചിത്രം ഒടിടിയിൽ കൊടുക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുന്നത്.’
‘നാല് കോടി എൺപത്തിയൊൻപത് ലക്ഷം രൂപ തിയറ്ററുകാർ എനിക്ക് തന്നിട്ടുണ്ടായിരുന്നു. അവസാനം അവരെന്നെ ഒരു ചർച്ചയ്ക്കും വിളിക്കാത്ത സാഹചര്യം വന്നപ്പോൾ ഈ പൈസ ഞാൻ തിരിച്ചുകൊടുത്തു. എന്നെ എതിർക്കുന്നത് തിയറ്ററുകാരല്ല, ചില വ്യക്തികളാണ്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.’–ആന്റണി പറയുന്നു.
‘മുൻകാലങ്ങളിലെല്ലാം തിയറ്റർ ഉടമകൾ എന്നെ സഹായിച്ചിട്ടേ ഒള്ളൂ. എനിക്കും കേരളത്തിൽ തിയറ്ററുകളുണ്ട്. ഈ പ്രസ്ഥാനം നടന്നുപോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സത്യത്തിൽ എന്താണ് ഇവിെട പ്രശ്നമെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. ഈ തിയറ്റർ സംഘടനയിൽ നാല് വർഷത്തോളം പ്രസിഡന്റ് ആയി ഇരുന്ന ആളാണ്. ഇപ്പോഴുള്ളവർ പറയുന്നത്, ആ സംഘടനയെ ഞാൻ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്.’
‘മോഹൻലാൽ സാറിനെ വച്ച് വലിയ സിനിമയെടുക്കുമ്പോൾ അതിന്റെ ബജറ്റ് 25, 35 കോടിയായിരിക്കും. അത് തിയറ്റർ റിലീസ് ചെയ്താലും ബിസിനസ് നടക്കും. ഇതൊരു മെഗാ പ്രോജ്ക്ട് ആണ്. ഈ ചിത്രത്തെ മറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തരുത്. ആ വിചാരം തിയറ്റർ ഉടമകളുടെയും മനസിലുണ്ടാകണം.’–ആന്റണി പറഞ്ഞു.