31.7 C
Kottayam
Sunday, May 12, 2024

സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ പ്രത്യേക സ്ക്വാഡുകൾ, എഡിജിപി മനോജ് എബ്രഹാം തലവൻ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ  സംവിധാനത്തിന്റെ സംസ്ഥാന നോഡൽ ഓഫീസർ. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകൾ ഉണ്ടാവും. ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയയേയും അമർച്ച ചെയ്യാൻ നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ക്വാഡുണ്ടാവും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. 

ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്. ഡിജിപിയുടെ യോഗത്തിലാണ് തീരുമാനം. 

ഓരോ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളിൽ പ്രത്യകം നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്.

 

എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകള്‍ മുമ്പ് പ്രവർത്തിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവികള്‍ സ്ക്വാഡുകള്‍ പിരിച്ചുവിട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറെ നിർജ്ജീവമായി. ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമർച്ച ചെയ്യാൻ സംഘടിതമായ പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സർക്കാരിന് ഡിജിപി ശുപാർശ നൽകിയത്. പുതിയ സംഘത്തിൽ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നൽകിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week