അൻസിലിന്റെ മരണം കീടനാശിനി ഉള്ളിൽച്ചെന്ന്? കുപ്പി കണ്ടെടുത്തു; പെൺസുഹൃത്ത് കുറ്റം സമ്മതിച്ചെന്ന് സൂചന

കോതമംഗലം :കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് അന്‍സില്‍

അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതുകാരിയായ പെണ്‍സുഹൃത്ത് ഇപ്പോള്‍ കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണ്. അന്‍സിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പെണ്‍സുഹൃത്തിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. യുവതി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

ചേലാട് സ്വദേശിയാണ് അന്‍സിലിന്റെ പെണ്‍സുഹൃത്ത്. ചേലാട്ടെ ഒരു കടയില്‍നിന്നാണ് കീടനാശിനി വാങ്ങിയത്. ഇതിന്റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. 29-ാം തീയതിയാണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30-ാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തന്റെയുള്ളില്‍ വിഷം ചെന്നെന്ന കാര്യം അന്‍സില്‍ തിരിച്ചറിയുന്നതും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും.

ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെണ്‍സുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് ഇയാള്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. കീടനാശിനി പോലുള്ളതെന്തോ ആണ് അന്‍സിലിന്റെ ഉള്ളില്‍ചെന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം. അതിനിടെ, അന്‍സിലിന്റെ ഭാഗത്തുനിന്ന് യുവതിക്ക് ചില ദുരനുഭവങ്ങളുണ്ടാകുകയും തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് സൂചന. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News