ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടി വൈകീട്ട് പൊലീസ് പിടിയിലായി.
തമിഴ്നാട് തൂത്തുക്കുടി കോവിൽ പട്ടിക്കടുത്താണ് സംഭവം നടന്നത്. ഇവിടെ അടുത്ത് വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജ് എന്നീ നവ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ആർ സി സ്ട്രീറ്റ് സ്വദേശിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. കോവിൽ പട്ടിയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. പ്രദേശത്തു തന്നെയുള്ള മണികരാജും രേഷ്മയും ഏതാനും ദിവസം മുമ്പാണ് വിവാഹിതരായത്.
കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകനായിരുന്നു മണികരാജു. ഇയാളുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടി ശക്തമായി എതിർത്തിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയാണ് രേഷ്മയും മണികരാജുവും വിവാഹം കഴിച്ചത്. പിന്നീട് സ്ഥലത്ത് ഇല്ലാതിരുന്ന ഇരുവരും രണ്ട് ദിവസം മുമ്പാണ് കോവിൽപ്പട്ടിയിൽ തിരികെയെത്തിയത്.
വിവാഹത്തെ ചൊല്ലി അന്ന് വീണ്ടും രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് വിളിച്ച് ചേർത്ത് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ മുത്തുക്കുട്ടിയുടെ വൈരാഗ്യം അവസാനിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് ദമ്പതികൾ താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി മകളെയും ഭർത്താവിനേയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായി വന്ന മുത്തുക്കുട്ടി ആക്രമിച്ചത്.
രേഷ്മയുടെയും മണികരാജുവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തുക്കുട്ടിയെ രാത്രി എട്ട് മണിയോടെ തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.