ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. കുപ്രസിദ്ധ ഗുണ്ടാത്തലവനായ അനില്‍ ദുജാന പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ മീററ്റില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേകദൗത്യ സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അനില്‍ ദുജാന കൊല്ലപ്പെട്ടത്.
18 കൊലക്കേസുകള്‍ അടക്കം 62-ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനില്‍ ദുജാന എന്ന അനില്‍ നാഗര്‍. കൊലക്കേസുകള്‍ക്ക് പുറമേ കവര്‍ച്ച, ഭീഷണിപ്പെടുത്തി പണംതട്ടല്‍, ഭൂമി കയ്യേറല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
ഗൗതം ബുദ്ധനഗറിലെ ദുജാന സ്വദേശിയായ അനില്‍, ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ചാണ് തന്റെ ഗുണ്ടാസാമ്രാജ്യം വളര്‍ത്തിയെടുത്തത്. 2022 ഡിസംബറില്‍ ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യംനേടി തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ ശേഷം കൊലക്കേസിലെ സാക്ഷികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയര്‍ന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അനില്‍ ദുജാനക്കെതിരേ യു.പി. പോലീസ് വീണ്ടും കേസെടുത്തു. ഈ കേസുകളില്‍ നോയിഡ പോലീസും യു.പി. പോലീസിന്റെ പ്രത്യേകദൗത്യസംഘവും ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ മകന്‍ അസദിനെയും കൂട്ടാളി ഗുലാമിനെയും യു.പി. പോലീസിന്റെ പ്രത്യേക ദൗത്യസംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതിയായ അസദ്, ഝാന്‍സിയിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
ഈ സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രയാഗ് രാജില്‍വെച്ച് മൂന്നംഗസംഘം അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഉമേഷ് പാല്‍ കൊലക്കേസിലെ മറ്റുപ്രതികളായ അര്‍ബാസ് കഴിഞ്ഞ ഫെബ്രുവരിയിലും വിജയ് ചൗധരി എന്ന ഉസ്മാന്‍ മാര്‍ച്ചിലും പോലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.