FIFA WORLD CUP 2022:വീണ്ടും അട്ടിമറി,ബെല്‍ജിയത്തെ രണ്ടുഗോളിന് തകര്‍ത്ത് മൊറാക്കോ

ദോഹ:ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു.ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയമാണ് ഇക്കുറി അട്ടിമറിയുടെ സ്വാദറിഞ്ഞത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ പൊലിപ്പിച്ചു നിര്‍ത്തി.

ഏഴുപത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്‍ഹമീദ് സാബിരിയാണ് ഒരു ഫ്രീകിക്കില്‍ നിന്ന് നേരിട്ട് ബെല്‍ജിയത്തെ ഞെട്ടിച്ച ആദ്യഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ ഗോളില്‍ തന്നെ എന്നെന്നും ഓര്‍ക്കാന്‍ പോന്നൊരു അട്ടിമറിയും സ്വന്തമായി. ഒന്നാം പകുതിയുടെ അധികസമയത്ത് മൊറോക്കോയ്ക്ക് വാര്‍ ഒരു ഗോള്‍ നിഷേധിച്ചിരുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ അതിന്റെ ഫോട്ടോകോപ്പി പോലെ മറ്റൊന്ന് സംശയലേശമന്യേ വലയിലാക്കിയാണ് മൊറോക്കോ അട്ടിമറി ആഘോഷിച്ചത്. അവസാന വിസിലിന് കാതോര്‍ത്തിരിക്കെ തൊണ്ണൂറാം മിനിറ്റിലായരിുന്നു ബെല്‍ജിയത്തിന്റെ മരണം ഉറപ്പാക്കിയ രണ്ടാം ഗോള്‍ വലയില്‍ കയറിയത്. സക്കരിയ അബോക്ലാലിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍.

ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായി. ഇനി കാനഡയുമായാണ് അവരുടെ കളി.ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരം ചൂടുപിടിച്ചത് രണ്ടാം പകുതിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News