ട്രെയിനിൽ  ടിടിഇ ക്കു നേരെ വീണ്ടും ആക്രമണം; പ്രതി പിടിയിൽ

കോഴിക്കോട്: വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ യാത്രക്കാരൻ ടിടിഇയെ ആക്രമിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ആക്രമിച്ചത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ആശുപത്രിയിലാണ്. പ്രതി ബിജുകുമാറിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. എസ്10 കോച്ചിൽ വച്ച് ബിജുകുമാർ കത്തിയുമായി ഋഷിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബിജുകുമാറിനെ പിടിച്ചുമാറ്റുകായിരുന്നു. കത്തി വീശുന്നതിനിടെ ഋഷിയുടെ കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇപ്പോൾ ഷോർണൂരിലെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യലഹരിയിലായിരുന്ന ബിജുകുമാറിനെ കണ്ണൂരിലേയ്ക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ നിന്നും ഇറക്കി വിട്ടിരുന്നു. തുടർന്നാണ് ഇയാൾ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലെ എസ്10 കോച്ചിലേയ്ക്ക് കയറിയത്. ടിക്കറ്റില്ലാത്തതിനാൽ ഇറങ്ങണമെന്ന് ടിടിഇ ആവശ്യപ്പെട്ടു. ശേഷം ആർപിഎഫിനെ വിവരമറിയിച്ചു. തുടർന്ന് അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് വന്ന് ഇയാളെ പിടികൂടി. ശേഷം തന്റെ ബാഗ് ട്രെയിനിനുള്ളിലാണെന്ന് പറഞ്ഞ് ആർപിഎഫിന്റെ അനുവാദത്തോടെ കോച്ചിനുള്ളിൽ കയറി. ട്രെയിൻ പുറപ്പെട്ടെങ്കിലും ഇയാൾ പുറത്തിറങ്ങിയില്ല.

തുടർന്ന് ഋഷി ശശീന്ദ്രനാഥ് അടുത്ത സ്റ്റേഷനായ വടകരയിലെ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയത്.സംഭവത്തിൽ കർശനമായ നടപടി വേണമെന്നാണ് ടിടിഇ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു.

ഇന്നലെയും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. വനിതാ ടിടിഇയെ യാത്രക്കാരൻ മ‍ർദ്ദിക്കുകയായിരുന്നു. വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ യാത്രക്കാരനായിരുന്നു റൈരു. ഇയാൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. തുടർന്ന് ഇയാൾ ടിടിഇയെ മ‍ർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News