മാനസ കൊലക്കേസ്; രാഖിലിന്റെ ഒപ്പം തോക്ക് വാങ്ങാന്‍ പോയ സുഹൃത്ത് അറസ്റ്റില്‍

കോതമംഗലം: നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.

കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.

രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മാനസയ്ക്ക് വെടിയേറ്റ ദിവസം തന്നെ രഖിലിന് വെടിവയ്ക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പോലീസ്് വ്യക്തമായിരുന്നു. തോക്ക് വാങ്ങിയ ബിഹാറില്‍നിന്ന് തന്നെയാകും പരിശീലനം ലഭിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കള്ള തോക്ക് നിര്‍മ്മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News