തൃശ്ശൂർ: ഈ വർഷത്തെ തൃശ്ശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിന് പാറമേക്കാവിനായി കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയാകുന്നതോടെ ചരിത്രമാകുന്നത് പെരുവനം കുട്ടൻ മാരാരുടെ 24 വർഷം നീണ്ട മേള പ്രമാണിത്തത്തിനാണ്. മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കിയിരുന്നു. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണിയാണ് പെരുവനം. ഭാരത സർക്കാർ 2011ലാണ് പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചത്.
78 വയസ്സായ കിഴക്കൂട്ട് അനിയൻ മാരാർക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പെരുവനത്തിന്റെ സേവനങ്ങളെ ദേവസ്വം നന്ദിയോടെ സ്മരിക്കുകയും ചെയ്തു. കഴിഞ്ഞ നാൽപ്പത് വര്‍ഷമായി പാറമേക്കാവിൻ്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. 2005-ൽ പാറമേക്കാവിൻ്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം.
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിൻ്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ വർഷം മെയിൽ പെരുവനത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിൽ മുന്നൂറോളം കലാകാരൻമാരാണ് പങ്കെടുത്തത്.