കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍ . തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണ്. പൊലീസിന്റെ ശരിയായ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനിത പറഞ്ഞു.
മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്.
തനിക്ക് സത്യം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാം. അങ്ങനെ ഒന്നുണ്ടെങ്കില്‍ നമുക്ക് കാത്തിരുന്നു കാണാം. മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചോരാളെ ഒരു രാജാവിനെ പോലെ വാഴുന്ന സമയത്താണ് നെറികേടിന്റെ മറനീക്കി ഈശ്വരന്‍ പുറത്തു കൊണ്ട് വന്നതെങ്കില്‍ ദൈവത്തിനും മടുത്തിട്ടുണ്ടാവില്ലേ,പിന്നെ അവന്റെ അനര്‍ഹതയില്‍ സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍ ആരെങ്കിലും
ആ ആളുകള്‍ ഇപ്പോഴും പുറത്തുണ്ട്. ആ റിസള്‍ട്ടാണ് ഇതുപോലെ തനിക്കെതിരെ നെഗറ്റിവായി കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നും ഒരേ സ്വരത്തില്‍ താന്‍ പറയുന്നു സത്യം മാത്രമേ ജയിക്കൂ. ഒരു രൂപയുടെ ചതിയെങ്കിലും താന്‍ ആരോടെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. ഏതെങ്കിലും ഒരു ആളെയെങ്കിലും നഴ്‌സിംഗ് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ.
ഒരു പൈസയെങ്കിലും മറ്റുള്ളവര്‍ക്കു കൊടുത്തിട്ടുള്ളതല്ലാതെ താന്‍ ഇവരില്‍ ആരോടെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നു ചോദിക്കൂ. ഈ ദുഷ്ടതകള്‍ ഒന്നും കാണാതെ തന്റെ മാതാപിതാക്കള്‍ മരിച്ചു പോയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നൊരു മകളാണ് ഇന്ന് താന്‍. അല്ലെങ്കില്‍ ഈ ഒരു പേരും പറഞ്ഞുകൊണ്ട് തന്നെ അറിയാത്ത എത്രയോ പേരുടെ അധിക്ഷേപങ്ങള്‍ അവര്‍ക്കു കേള്‍ക്കേണ്ടി വന്നേനെ.
രണ്ടു വര്‍ഷത്തിനിടയില്‍ തന്നെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അപ്പനും, അമ്മയും നഷ്ടപ്പെട്ട ഒരു മകളാണ് താന്‍. അവരുടെ പ്രാര്‍ത്ഥന മതി തനിക്കിതു പോലെ നിവര്‍ന്നു നില്‍ക്കാന്‍. കോടതിയിലും പൊലീസിലും അതിന്റെ നേരായ അന്വേഷണത്തിലും വിശ്വാസമുണ്ട്. എല്ലാം നേരായ വഴിയില്‍ നടക്കട്ടെ എന്നും അനിത പുല്ലയില്‍ പറഞ്ഞു