KeralaNews

മറക്കാനാവുമോ അയ്യപ്പനും കോശിയിലെ സി.ഐ സതീഷിനെ,സച്ചിയുടെ ജന്‍മദിനത്തില്‍ അനിലും തിരശീലയ്ക്കുപിന്നിലേക്ക്‌

കൊച്ചി:തീയേറ്ററുകള്‍ അടച്ചിട്ട കൊവിഡ് കാലത്ത് മലയാള സിനിമയ്ക്ക് ഒരു കനത്ത നഷ്ടം കൂടി.തീയേറ്ററുകള്‍ അടച്ചിടും മുമ്പ് മലയാളത്തിലെ അവസാന തീയേറ്റര്‍ ഹിറ്റായി മാറിയ അയ്യപ്പനും കോശിയിലെ രണ്ടാമത്തെയാളാണ് തീരശിലകളില്ലാത്ത ലോകത്തേക്ക് മടങ്ങിയിരിയ്ക്കുന്നത്.അയ്യപ്പനും കോശിയും ചിത്രത്തിന്റെ സംവിധായകനായ സച്ചിയാണ് തിരശീലയ്ക്ക് പിന്നിലേക്ക് ആദ്യം മറഞ്ഞത്.സച്ചിയുടെ പിറന്നാള്‍ ദിനമായ ക്രിസ്തുമസ് ദിനം സച്ചിയുടെ ഓര്‍മ്മകള്‍ക്കായാണ് സംവിധായകന്‍ രഞ്ജിത്ത് സമര്‍പ്പിച്ചത്. നടന്‍ പൃഥിരാജ് സച്ചിയുടെ പേരില്‍ നിര്‍മ്മാണ കമ്പനിയും പ്രഖ്യാപിച്ചു. ഇതേ ദിവസം തന്നെയാണ് സിനിമയില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത അനിലിന്റെ വേര്‍പാട്.

പൃഥ്വിരാജും ബിജുമേനോനും തകര്‍ത്താടിയ ചിത്രത്തില്‍ അവര്‍ക്കിടയില്‍ തലയുയര്‍ത്തി നിഷ്പക്ഷതയോടെ നിന്ന കഥാപാത്രമാണ് സി.ഐ സതീഷ്. ഈ കഥാപാത്രത്തെ മനോഹരമാക്കിയതിന് നിറഞ്ഞ കയ്യടിയാണ് അനില്‍ നേടിയത്.താന്‍ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണിതെന്നാണ് അനില്‍ പറഞ്ഞത്.

സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആദ്യാവസാനമുള്ള മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതാദ്യമായിരുന്നു. സംവിധായകന്റെ മനസില്‍ സതീഷ് എന്ന കഥാപാത്രം എങ്ങനെ വേണമെന്നുള്ള വ്യക്തമായ ധാരണയുണ്ടായിരുന്നു. നടപ്പ്, സംസാരം, രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഞാന്‍ അത് മനസിലാക്കി ചെയ്തു എന്നുമാത്രം. വലിയ പഠനത്തിനൊന്നും പോയിട്ടില്ല. സച്ചി ചേട്ടന്റെ മനസിലുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തു എന്നു മാത്രം. അനില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റര്‍ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണ്. ക്ലൈമാക്സിലെ സംഘടനരംഗങ്ങളില്‍ ഇരുവരും ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല. കഥാപാത്രത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെടുന്ന രണ്ടുപേര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം റീടേക്ക് എടുത്ത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ഉത്കണ്ഠയൊഴിച്ചാല്‍ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് സി.ഐ സതീഷ്.’ അനില്‍ പറഞ്ഞു.അയ്യപ്പനും കോശിയ്ക്കും ശേഷം കൈനിറയെ അവസരങ്ങളാണ് അനിലിനെ തേടിയെത്തിയത് എന്നാല്‍ ഒന്നും നടക്കും മുമ്പ് അകാലത്തില്‍ വ്ടവാങ്ങല്‍.മലയാളത്തിന് നഷ്ടമായത് ഭാവിയിലെ ഒരു മികച്ച സ്വഭാവ നടനെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button