23.8 C
Kottayam
Tuesday, May 21, 2024

ആംഗ്രിബേര്‍ഡും രുഗ്മിണിയും പ്രതിരോധം ഏറ്റെടുത്തു,ചൈനീസ് ചാരക്കപ്പലിന് തടയിട്ട് ഇന്ത്യ

Must read

തിരുവനന്തപുരം:ഇന്ത്യൻ മഹാസമുദ്രത്തിൽ ചാരപ്പണിക്കു വന്ന ചൈനീസ് കപ്പലിനെ ഉപഗ്രഹ സിഗ്നൽ കവചത്തിൽ തളച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ട ചെെനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഉയർത്തുന്ന സുരക്ഷാഭീഷണി ചെറുക്കാൻ നാല് ഉപഗ്രഹങ്ങളും യുദ്ധക്കപ്പലും വിന്യസിച്ചാണ് ഇന്ത്യ സിഗ്നൽ കവചം തീർത്തത്. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ള ചൈനീസ് ചാരക്കപ്പലിനെ ഉപഗ്രഹങ്ങൾ ഉപയോഗിച്ചു തന്നെ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഇതിനായി രണ്ട് ജി സാറ്റ് 7 ഉപഗ്രഹങ്ങളും ആർ.ഐ.സാറ്റും എമിസാറ്റ് ചാര ഉപഗ്രഹവും നേവിയുടെ കമ്മ്യൂണിക്കേഷൻ യുദ്ധക്കപ്പലുമാണ് ഇന്ത്യ വിന്യസിച്ചത്. എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജൻസ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്നൽ കവചം തീർത്തത്.

ചൈനീസ് ചാരക്കപ്പലിൽ നിന്നുള്ള നിരീക്ഷണ സിഗ്നലുകളെ തടയാനും അവയെ വഴിതെറ്റിക്കാനും കവചത്തിന് കഴിയും. ചെെനീസ് കപ്പലിലെ കൂറ്റൻ ആന്റിനകൾ, റഡാറുകൾ, സെൻസറുകൾ തുടങ്ങിയ ഡേറ്റാ അബ്സോർബിംഗ് സംവിധാനങ്ങളെയും ചൈനീസ് ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണ സിഗ്നലുകളെയും തടയും.

17ന് ലങ്കയിലെത്തിയ ചെെനീസ് കപ്പൽ 22നാണ് മടങ്ങുക. അതുവരെ ഇന്ത്യയുടെ പ്രതിരോധം തുടരും. ഇൗ ദിവസങ്ങളിൽ രാജ്യത്തെ പ്രതിരോധ,ഗവേഷണ, സൈനിക കേന്ദ്രങ്ങൾ ജാഗ്രത പാലിക്കണമെന്നും സന്ദേശങ്ങൾ അയയ്‌ക്കുന്നത് ഒഴിവാക്കണമെന്നും പ്രതിരോധ ഇന്റലിജൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

ചൈനീസ് ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ചൈനീസ് കപ്പലിന്റെ നിരീക്ഷണ പ്രവർത്തനങ്ങൾ. യുദ്ധാവശ്യങ്ങൾക്ക് വേണ്ടിയാണിത് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ഇന്ത്യയുടെ മുൻകരുതൽ.

ഇന്ത്യയിൽ നിന്നുള്ള ഒരു സന്ദേശവും സിഗ്നൽ കവചം കടന്ന് അപ്പുറം പോകില്ല. ഇന്ത്യയെ ഉന്നമിട്ടുള്ള നിരീക്ഷണ സിഗ്നലുകളെ വഴിതെറ്റിക്കുകയും ചെയ്യും. കൃത്യമായ ഡേറ്റ ശേഖരിക്കാൻ ചൈനീസ് ഉപകരണങ്ങൾക്ക് പ്രയാസമായിരിക്കും. അൾട്രാഹൈ ഫ്രീക്വിൻസി തരംഗങ്ങളെ പിടിച്ചെടുക്കാൻ ശേഷിയുള്ളതാണ് ആംഗ്രിബേർഡ് എന്ന ജിസാറ്റ് 7എ ഉപഗ്രഹം. ഇതിന്റെ സേവനം കൃത്യമാക്കാനാണ് അറബിക്കടലിൽ നേവിയുടെ കമ്മ്യൂണിക്കേഷൻ യുദ്ധക്കപ്പൽ വിന്യസിച്ചത്. രുക്മിണി എന്ന ജിസാറ്റ് 7, ആർ.ഐ.സാറ്റ് 2 ബി.ആർ.1 എന്നിവയാണ് തെക്കൻ അതിർത്തിയിൽ കേന്ദ്രീകരിച്ചിട്ടുള്ള മറ്റ് നിരീക്ഷണ ഉപഗ്രഹങ്ങൾ.

ചൈനീസ് ചാരക്കപ്പൽ ഭീഷണി

750 കിലോമീറ്റർ ചുറ്റളവിൽ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകൾ മുതൽ ശൂന്യാകാശത്തെ ഉപഗ്രഹങ്ങൾ വരെ നിരീക്ഷിക്കും. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്ഥാനവും മനസിലാക്കാം. കൂടംകുളം, കൽപാക്കം ആണവനിലയങ്ങൾ, ശ്രീഹരിക്കോട്ട റോക്കറ്റ് നിലയം, തന്ത്രപ്രധാനമായ നേവി, വ്യോമതാവളങ്ങൾ എന്നിവ നിരീക്ഷിക്കാനും കപ്പലിന് കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week