കരുമാല്ലൂര്‍: ഒരു ദിവസം ലീവ് എടുത്തതിന് അങ്കണവാടി ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ഒരുവര്‍ഷത്തോളമായി ഹെല്‍പറില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്ന് വര്‍ക്കര്‍ ഒരു ദിവസം ലീവെടുത്തതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നു.
കരുമാല്ലൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 126ാം നമ്പര്‍ അങ്കണവാടി വര്‍ക്കര്‍ ഇ ആര്‍ ബിന്ദുവിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി 27നാണ് ഇവര്‍ അവധിയെടുത്തത്. പകരം ചുമതല ഒരു എഎല്‍എംഎസ്സി അംഗത്തെ ഏല്‍പിച്ചു.
അവര്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് ചില സിപിഎം പ്രവര്‍ത്തകര്‍ അംഗന്‍വാടിയുടെ വാതില്‍ തള്ളിത്തുറന്ന് എത്തുകയും, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിന് എതിരെ ആലുവ വെസ്റ്റ് പോലീസില്‍ വര്‍ക്കര്‍ പരാതി നല്‍കി.
സംഭവമറിഞ്ഞ് അംഗന്‍വാടിയിലെത്തിയ പ്രസിഡന്റ് വാര്‍ഡ് മെംബറെപ്പോലും അറിയിക്കാതെ അന്വേഷണം നടത്തിയത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനം മറികടന്നാണ് നടപടിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതിക്കെതിരെ രംഗത്തുവന്നു.