വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ സ്‌റ്റേഷനിലെത്തി കീഴടങ്ങി

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഭർത്താവിനെ തലയറുത്തുകൊന്ന ശേഷം 50കാരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 53കാരനായ രവിചന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് രവിചന്ദറിന്റെ ഭാര്യയായ വസുന്ധരയെ അറസ്റ്റ് ചെയ്തു.

തിരുപ്പതിയിലെ റെനിഗുണ്ട ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ വന്നിറങ്ങിയത്. തുടർന്ന് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ തലയുമായി നടന്ന് പോലീസ് സ്റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

25 വർഷം മുമ്പായിരുന്നു വ്യവസായിയായ രവിചന്ദറിന്റെയും വസുന്ധരയുടെയും വിവാഹം. ഇവർക്ക് 20 വയസുള്ള ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വൈകിയെത്തിയ രവിചന്ദറുമായി ഭാര്യ വഴക്കിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.

അതേസമയം കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണമെന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. രവിചന്ദറിന് വിവാഹേതര ബന്ധമുണ്ടെന്ന് വസുന്ധര സംശയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. രവിചന്ദറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News