വിജയവാഡ: ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ.പി.സി.സി) പ്രസിഡന്റ് വൈ.എസ്. ശര്‍മിളയെ വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയാണിത്. ശര്‍മിളയ്ക്കൊപ്പം മുതിര്‍ന്ന നേതാവ് ജി. രുദ്രരാജു ഉള്‍പ്പെടെയുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബലം പ്രയോഗിച്ചാണ് പോലീസ് ശര്‍മിളയെ അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ശര്‍മിളയുടെ കൈക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് പോലീസ് അനുമതി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് എ.പി.സി.സി. പ്രസിഡന്റ് വൈ.എസ്. ശര്‍മിള ‘ചലോ സെക്രട്ടേറിയേറ്റ്’ പ്രതിഷേധ മാര്‍ച്ച് നയിച്ചത്. എ.പി.സി.സി. ആസ്ഥാനമായ ആന്ധ്ര രത്നഭവനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എലൂരു റോഡില്‍ വെച്ച് പോലീസ് തടഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് ശര്‍മിളയേയും മറ്റുള്ളവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ്. ജഗന്‍മോഹനെതിരെ ശര്‍മിള ആഞ്ഞടിച്ചു.
‘മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും എന്നെ ഒരു ഭീഷണിയായാണ് കാണുന്നത്. സെക്രട്ടേറിയേറ്റിലേക്ക് പോയി യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് നിവേദനം സമര്‍പ്പിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം. ഒരു വനിതാ രാഷ്ട്രീയ നേതാവിനെ സര്‍ക്കാര്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്തത് അത്യന്തം അപലപനീയമാണ്. ഞാന്‍ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ്. എനിക്ക് ഭയമില്ല. പോരാട്ടം തുടരും.’ -മംഗലഗിരി പോലീസ് സ്റ്റേഷനില്‍ വെച്ച് ശര്‍മിള പറഞ്ഞു.
ജഗന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴിലില്ലായ്മയുടെ ഇരകളോട് മാപ്പ് പറയണമെന്ന് ശര്‍മിള ആവശ്യപ്പെട്ടു. 23,000 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും വെറും 6,000 തൊഴിലുകള്‍ മാത്രമാണ് ഡി.എസ്.സി. വിജ്ഞാപനം ചെയ്തതെന്നും അവര്‍ പറഞ്ഞു. വീട്ടുതടങ്കലിലാക്കുന്നത് തടയാനായി കഴിഞ്ഞ രാത്രി പാര്‍ട്ടി ഓഫീസിലാണ് ശര്‍മിള കഴിഞ്ഞത്.
APCC president Sharmila Reddy was arrested by the police who left for Chalo Secretariat.
— OK Media Updates (@OkmediaUpdates) February 22, 2024
#sharmilareddy #YSSharmila #latestnews #BreakingNews #okmediaupdates #HelloAP_ByeByeYCP pic.twitter.com/cy1OXZXhZ4