അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന് റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ വീണ്ടും കൈയടി നേടുന്നു.വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും അധികാരം തേഴേത്തട്ടിലേക്ക് എത്തിയ്ക്കുന്നതിനുമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ ജഗന് നിയന്ത്രിച്ചിരുന്നു. അതിനു പിന്നാലെ ഭരണത്തിന്റെ സുപ്രധാനമായ താക്കോല്‍സ്ഥാനമായ സംസ്ഥാന ആഭ്യന്തര മന്ത്രി പദത്തിലേക്ക് ഒരു ദളിത് വനിതയെ നിയോഗിച്ചാണ് ജഗന് നിലപാട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
മെകതൊടി സുചരിതയാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയില്‍പ്പെട്ട സുചരിത സംവരണ മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശില്‍ ദളിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. നേരത്തെ ജഗന്റെ പിതാവ് വൈ.എസ്.രാജശേഖരറെഡ്ഡി പി.സബിത ഇന്ദ്രറെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു.