കൊച്ചി:മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവിന്റെ മകളായി എത്തി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായി മാറിയിരിക്കുകയാണ് താരം. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അനശ്വര അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോൾ ബാംഗ്ലൂർ ഡെയ്‌സ് സിനിമയുടെ ഹിന്ദി പതിപ്പായ യാരിയാന് 2 ലൂടെയാണ് ബോളിവുഡിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് താരം. പ്രണയവിലാസമാണ് മലയാളത്തിൽ അനശ്വരയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപ്പോൾ ബാല്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താൻ കുട്ടി ആയിരുന്ന സമയത്ത് ബസിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുന്നത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആ മോശം അനുഭവം ഉണ്ടാകുന്നത്.
“കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. ഇയാൾ വിളിക്കുന്നത് എന്നെയാണോ എന്നൊന്നും അറിയില്ല. തിരിഞ്ഞു നോക്കിയപ്പോൾ അയാൾ സ്വയംഭോഗം ചെയ്യുന്നതാണ് കാണുന്നത്. അത് എന്താണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു. ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്ന് അറിയില്ലായിരുന്നു. അപ്പോൾ തന്നെ അപ്പുറത്തിരിക്കുന്ന ചേച്ചിയോട് കാര്യം പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി” – അനശ്വര രാജൻ പറഞ്ഞു.
അന്ന് താൻ വെറും അഞ്ചാം ക്ലാസിലാണെന്നും അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകുമെന്നും അനശ്വര ചോദിക്കുന്നു. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. തനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു അത്.
വലുതായതിനു ശേഷം ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയുമെന്നും അനശ്വര പറഞ്ഞു. താൻ മാറിപ്പോയെന്നാണ് നാട്ടുകാർ പറയുന്നത്. ആ മാറ്റത്തെ നന്നായി കാണുന്ന ആളാണ് താനെന്നും രണ്ടു വർഷം കഴിയുമ്പോൾ താൻ ചിലപ്പോൾ ഇതിലും മാറുമെന്നും അനശ്വര പറഞ്ഞു.