24.7 C
Kottayam
Sunday, May 19, 2024

അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും

Must read

കൊച്ചി: ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. അനന്യയുടെ സര്‍ജറി ചെയ്ത റെനെ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ മൊഴിയാണ് രേഖപ്പെടുത്തുക.

അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൂടിയാണ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടക്കുന്നത്.

അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശസ്ത്രക്രിയ വിജയകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രാന്‍സ് യുവതി അനന്യകുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അനന്യയുടെ സുഹൃത്തുക്കള്‍ റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കില്‍ വയറ് അമര്‍ത്തി പിടിക്കണമായിരുന്നു. സാധാരണഗതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അനന്യയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week