കൊച്ചി: തൃക്കാക്കരയിലെ (Thrikkakara by election) എൻഡിഎ സ്ഥാനാർത്ഥിയെ (nda candidate) പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനാണ് (A N Radhakrishnan) എൻഡിഎ സ്ഥാനാർത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണം ചൂടേറും.
തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികൾ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും.
തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ചർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.