CrimeKeralaNews

മൂവാറ്റുപുഴയില്‍ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു, പത്തുപേർ അറസ്റ്റിൽ

മൂവാറ്റുപുഴ: വാളകത്ത് രാത്രിയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. തലക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരിച്ച അശോക് ദാസിനെ ആൾക്കൂട്ടം സംഘം ചേർന്ന മർദ്ദിച്ചുവെന്നാണ് കേസ്.

വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു. പിടികൂടുമ്പോൾ ഇയാളുടെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.

വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ആറ് പേരെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പോലീസ് മറ്റ് നാല് പേരെക്കൂടി പിടികൂടുകയായിരുന്നു.

വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു. രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക്ദാസിനെതിരെ ഇവർ പരാതിയൊന്നും നല്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button