ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍- എ.ബി.പി. അഭിപ്രായ സര്‍വേ ഫലം. 224 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 115 മുതല്‍ 127 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി. 68 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നും ജെ.ഡി.എസ്. 23 മുതല്‍ 35 സീറ്റുവരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ള കക്ഷികള്‍ രണ്ട് സീറ്റുവരേയും നേടും.
സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയുടെ തീരദേശമേഖലയില്‍ ബി.ജെ.പി. 46% വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രവചനം.
മതധ്രുവീകരണം, കാവേരി നദീജല തര്‍ക്കം, ലിങ്കായത്തുകളുടെ ന്യൂനപക്ഷ പദവി, ഹിജാബ് വിവാദം എന്നിവ ഫലത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാവുമെന്നാണ് ജനങ്ങളുടെ പ്രതികരണം. നിലവിലെ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാവുമെന്ന് 13.3% പേരാണ് പ്രതികരിച്ചത്.
നിലവിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. രണ്ടാമത് നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മൂന്നാമത് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയെന്നുമാണ് സര്‍വേ പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ 3.2% പേര്‍ മാത്രമാണ് അനുകൂലിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെ 1.6 ശതമാനവും. നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിപ്പേരും അഭിപ്രായപ്പെട്ടു.