പാലക്കാട്: തൃത്താലയില്‍ സ്‌കൂള്‍ പരിസരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ഥിയ്ക്ക് പൊള്ളലേറ്റു. കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവിനാണ് പൊള്ളലേറ്റത്. സ്‌കൂള്‍ പരിസരത്തെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയും അഭിനവിന്റെ ശരീരത്തിലേക്ക് തീ പടരുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
നവംബറില്‍ സ്‌കൂളില്‍ ഉപജില്ല കായികമേള നടന്നിരുന്നു. കായികമേളയ്ക്ക് ശേഷം മാലിന്യങ്ങള്‍ കൂട്ടിവെച്ചിരുന്നു. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളെ കൂട്ടി അധ്യാപകര്‍ ആ മാലിന്യം കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അഭിനവിനെ ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. കുട്ടിയുടെ കയ്യും മുഖവും കരുവാളിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളില്‍ പണിയെടുപ്പിച്ചതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. എന്നാല്‍, കുട്ടികളെ പണിയെടുപ്പിച്ചതല്ല മറിച്ച് ശുചിത്വവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ ഒപ്പം കൂട്ടിയാണെന്ന് അധ്യാപകര്‍ പ്രതികരിച്ചു.