പത്തനംതിട്ട: ക്ഷേത്രത്തിലെ ഗരുഢൻ തൂക്കം വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് കുഞ്ഞ് തൂക്കുകാരന്റെ കെെയിൽ നിന്ന് താഴെ വീണത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
ഇത്തവണ ഇവിടെ 624തൂക്കങ്ങളാണ് നടന്നത്. ഇതിൽ124 കൂട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുൾപ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.
ദാരിക വധവുമായി ബന്ധപ്പെട്ടുള്ളതാണ് ഗരുഢൻ തൂക്കം. ദാരികനും ഭദ്രകാളിയും തമ്മിൽ നടന്ന ഘോരയുദ്ധം മുകളിൽ വട്ടമിട്ട് പറന്ന് വീക്ഷിക്കുകയായിരുന്നു ഗരുഢൻ. ദാരിക നിഗ്രഹത്തിനു ശേഷം കോപവതിയായ ഭദ്രകാളി ഗരുഢനെ ആക്രമിക്കുവാൻ ഒരുങ്ങി.കേണപേക്ഷിച്ചിട്ടും ഗരുഢന്റെ മൂന്നു തുള്ളി രക്തം കുടിച്ചശേഷം മാത്രമാണ് ആക്രമണത്തിൽ നിന്നും ഭദ്രകാളി പിൻവാങ്ങിയത്. ഈ പുരാണകഥയുടെ ഇതിവൃത്തമാണ് ഗരുഢൻ തൂക്കം വഴിപാടിന് ആധാരം. ഇതിനായി പ്രത്യേകം ചാട് സജ്ജമാക്കും.
നാല് വലിയ മരച്ചക്രങ്ങൾ ഘടിപ്പിച്ച രഥമാണ് ചാട്. രഥത്തിന്റെ മുകളിലെ വശങ്ങളിൽ കുരുത്തോലകളും ചാടിന്റെ നാലു കോണിലും വാഴയും വാഴക്കുലകളും കൊണ്ട് അലങ്കരിക്കും. വൈദ്യുത ബൾബുകളുടെ അലങ്കാരത്തിൽ രഥം പ്രഭാപൂരിതമാകും. ചെണ്ടയും മദ്ദളവും കൊമ്പും കുഴലും ചേർന്ന വാദ്യമേളങ്ങളുടെ താളക്കൊഴുപ്പിലാണ് ഗരുഢന്റെ വരവ്. മേളക്കാർ ഒരുക്കുന്ന പാണ്ടി മേളത്തിൽ ഗരുഢൻമാർ പറന്ന് നൃത്തം ചെയ്യും. ചാട് കടന്നു വരുന്ന നിമിഷങ്ങളിൽ കരിമരുന്നിന്റെ വിസ്മയ കാഴ്ചയുമുണ്ടാകും.