സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും എന്നാൽ മകളെ ബാധിച്ചാൽ താൻ പ്രതികരിക്കുമെന്നും ഗായിക അമൃത സുരേഷ്. അമൃതയുടെയും അനിയത്തിയും ഗായികയുമായ അഭിരാമിയുടെയും യൂട്യൂബ് ചാനലായ അമൃതംഗമയയിലൂടെയാണ് ഗായികയുടെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
‘അമൃത അങ്ങനെ ചെയ്തു, പണം തട്ടിയെടുത്തു, പറ്റിച്ചു എന്നിങ്ങനെ ഒരുപാട് ആരോപണങ്ങള്‍ എനിക്കെതിരെ ഉയർന്നു. ഒന്നിനോടും ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടി പറയാനാണെങ്കിൽ 14 വർഷത്തെ ആരോപണങ്ങൾക്കു മറുപടി പറയേണ്ടി വരും. രണ്ട് കൈകളും കൂട്ടിയടിച്ചാൽ മാത്രമല്ലേ ശബ്ദമുണ്ടാകൂ. ഒരു പ്രശ്നത്തെ വലിയ പ്രശ്നമാക്കേണ്ട എന്നുകരുതിയാണ് എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നത്. മകൾ പാപ്പുവിനെ ഓർത്ത് എല്ലാത്തിലും മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ എപ്പോഴെങ്കിലും എന്റെ പാപ്പുവിനെ ബാധിച്ചു തുടങ്ങിയാൽ അപ്പോൾ ഞാൻ പ്രതികരിക്കും.
എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മൂന്ന് ശതമാനം പോലും സത്യമില്ല. എന്നെയും എന്റെ കുടുംബത്തെയും നശിപ്പിക്കാൻ ശ്രമിക്കും പോലെയാണ് ചിലർ ഓരോന്ന് ഉന്നയിക്കുന്നത്. എന്നിട്ടും ഞാന്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് മകൾ പോലും എന്നോടു ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നോട് അടുപ്പമുള്ള ചിലർ പറയാറുണ്ട് ആരോപണങ്ങളിൽ നിശബ്ദത പാലിക്കേണ്ട, പ്രതികരിച്ചു തുടങ്ങണമെന്ന്. അവർ വലിയ പിന്തുണയോടെ കൂടെ നിൽക്കുന്നുണ്ട്. പരിധിവിട്ട് ആരോപണങ്ങൾ ബാധിച്ചാൽ തീർച്ചയായും ഞാൻ പ്രതികരിക്കും’, അമൃത സുരേഷ് പറഞ്ഞു.
അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് സഭ്യമല്ലാത്ത രീതിയിൽ കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘അമ്മ ലവ്’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനു താഴെ ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’ എന്ന് ഒരാൾ തമന്റ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതികരിച്ച് ഗോപി സുന്ദർ എത്തി.
‘തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങൾ നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത്? നിങ്ങൾ വെറുതെ കാര്യം എന്താണെന്ന് അറിയാതെ ഇങ്ങനെ ഊഹാപോഹങ്ങൾ കൊണ്ട് കമന്റിടല്ലേ. കുടുംബത്തോടൊപ്പം എന്റെ വീട്ടിലേക്കു കയറി വരൂ. നമുക്ക് ഇതേക്കുറിച്ച് ചർച്ച ചെയ്യാം. നിങ്ങൾക്ക് ഇത്രയധികം വിഷമമുണ്ടെങ്കിൽ നമുക്കൊന്നു നേരില്‍ കാണാമെന്നേ’, എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്.
സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം കമന്റുകളെ താൻ ശ്രദ്ധിക്കാറില്ലെന്നും അവയോടു പ്രതികരിക്കാറില്ലെന്നും ഗോപി സുന്ദർ വ്യക്തമാക്കി. എന്നാൽ ഇടയ്ക്കൊക്കെ ഇങ്ങനെ മറുപടി കൊടുക്കുന്നത് രസമുള്ള കാര്യമാണെന്നും അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി പേരാണ് ഗോപി സുന്ദറിനു പിന്തുണ രേഖപ്പെടുത്തി പ്രതികരണവുമായി എത്തുന്നത്.