തിരുവനന്തപുരം: ഏഴു ദിവസം ഓർമ്മയില്ല അമൃതാ റഹിമിന്. പിന്നെ അത്ഭുതം പോലെ തിരിച്ചു വരവ്. 2022സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള, തന്റെ ജീവിതത്തിലെ ദിവസങ്ങൾ അമൃത റഹീമിന്റെ ഓർമയിലില്ല. മരണത്തിന്റെ തുമ്പത്തെത്തി ജീവിതത്തിലേക്കു തിരികെ എത്തയി അമൃത. എ.എ റഹീം എംപിയുടെ ഭാര്യ ആ കാലത്തെ അതിജീവിക്കുകയാണ്. പ്രയിപ്പെട്ടവരുടെ കരുത്തിൽ. ചെവിയിലെ ചെറിയ വേദനയിൽ തുടങ്ങിയ രോഗം. അത് പിന്നെ അമൃതയെ കീഴ്‌പ്പെടുത്തി. പക്ഷേ നിശ്ചയദാർഡ്യത്തോടെ പൊരുതി തിരിച്ചു വരവ്. റഹിമിന്റെ യാത്രകൾക്ക് കരുത്തായി അമൃത വീണ്ടുമെത്തി.
മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ …………… 9ആം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ് ,സൂപ്പർ സ്‌പെഷ്യലിറ്റി ഐ.സി.യുവിലെ നഴ്‌സിങ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,മറ്റു മന്ത്രിമാർ ,പാർട്ടി നേതൃത്വം ,15 ദിവസവും കഇഡ വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ ,അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്‌നേഹപ്പെട്ടിരിക്കുന്നു-ഇങ്ങനെയാണ് അമൃത ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ഇതോടെയാണ് അമൃതയുടെ അസുഖവും അതിജീവിക്കലും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
”മീമോക്കോക്കൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ആയിരുന്നു എന്നെ ബാധിച്ചത്. മുൻപ് 2017 ൽ, ഒരു വൈറൽ മെനിഞ്ചൈറ്റിസ് സർവൈവറാണ് ഞാൻ. പക്ഷേ, രണ്ടിലും എനിക്കു പനിയില്ലായിരുന്നു. സാധാരണ പനി വന്നിട്ടാണ് ഇതു വരുക. പനിച്ച് പനിച്ച് നിൽക്കാറാണ് പതിവ്. ഇതു പക്ഷേ, ഒരാഴ്ച മുൻപ് എനിക്ക് ചെറിയ പനിയുണ്ടായിരുന്നുവെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് അതു മാറി. പനി മാറിയ ശേഷം മൂന്നു ദിവസം കഴിഞ്ഞ് എനിക്കൊരു ചെവി വേദന വന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ ഇൻഫക്ഷൻ ആണെന്നു പറഞ്ഞു. ഒരു ആന്റിബയോട്ടിക്ക് തന്നു വിട്ടു. പിന്നീട് രണ്ടു തവണ കൂടി പോയി. മരുന്നു കഴിച്ചു കൊണ്ടിരിക്കേ രണ്ടു ചെവിയിൽ നിന്നും പഴുപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങി. ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ ഇൻഫക്ഷന്റേതാണെന്നു പറഞ്ഞു. വേദനയും പഴുപ്പൊലിക്കുന്നതും ഞാൻ രണ്ടു ദിവസം സഹിച്ചു. പഞ്ഞിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. അത്രയും ദിവസം ഇവിടെ റഹീമേട്ടൻ ഇല്ല. ഞാനും മക്കളും മാത്രമേയുള്ളൂ. എല്ലാവർക്കും പനിയായിരുന്നു. റഹീമേട്ടനും പനിയായി ആശുപത്രിയിലായിരുന്നു. വീട്ടിലാകെ ഒരു പനിക്കാലം-അമൃത വിശദീകരിക്കുന്നു.
റഹീമേട്ടൻ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി വന്ന രാത്രിയിലാണ് ഉറക്കത്തിൽ എനിക്ക് ഭീകരമായ തലവേദന വന്നത്. അതിനെ തലവേദന എന്നു പറയാൻ പറ്റില്ല. ഒരു മനുഷ്യനു സഹിക്കാനാകാത്ത വേദന. ഞാൻ തലയിൽ ഒരു തുണി വലിച്ചു കെട്ടി. കുറേനേരം സഹിക്കാൻ ശ്രമിച്ചു. പിന്നീടുള്ള ഓരോ മണിക്കൂറിലും വേദന കൂടി. എനിക്ക് മിണ്ടാനാകാതായി. പിടയാൻ തുടങ്ങി. എന്റെ പിടച്ചിൽ കേട്ടാണ് റഹീമേട്ടൻ ഉണരുന്നത്. ”ഭയങ്കര തലവേദന…എനിക്കു പറ്റില്ല…എവിടെയെങ്കിലും കൊണ്ടു പോ…” എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. ഉടൻ റഹീമേട്ടൻ മെഡിക്കൽ കോളജിലെ സൂപ്രണ്ടിനെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു. അപ്പോഴേക്കും ഞാൻ അൺകോൺഷ്യസ് സ്റ്റേജിലേക്ക് പോകുന്നതായി മനസ്സിലായി. കണ്ണുകൾ വല്ലാതായി. ഛർദിക്കുന്നു. എനിക്ക് അനക്കമില്ലാതായി. എണീക്കുന്നില്ല. എന്റെ ശരീരത്തിന്റെ അവസ്ഥ മാറി.
പെട്ടെന്ന് അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നുമൊക്കെ ആളുകൾ വന്ന്, എല്ലാവരും കൂടി ചേർന്ന് എന്നെ താങ്ങിയെടുത്തു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴൊക്കെ ഞാൻ ഛർദിച്ചു കൊണ്ടേയിരുന്നു. ജഗതിയിലെ വീട്ടിൽ നിന്നു കാറിൽ പോകുമ്പോൾ ലോ കോളജ് ജംഗ്ഷൻ വരെ ഞാൻ സംസാരിക്കുന്നുണ്ടായിരുന്നത്രേ. അപ്പോഴൊക്കെ എന്റെ തോന്നൽ ഞാൻ തിരിച്ചു വരില്ലെന്നാണ്. ബോഡിയുടെ വെയിറ്റ് കുറഞ്ഞ്, പറന്നു പോയേക്കും എന്നു തോന്നി. അപ്പോൾ ഞാൻ, ”എന്നെ പിടിച്ചു വെയ്…പിടിച്ചു വെയ്…” എന്നു പറയുന്നുണ്ട്. തണുപ്പും വേദനയും. അപ്പോഴും പനിയില്ല. ചെവിയിൽ നിന്നു ഇടയ്ക്കിടെ പഴുപ്പും വരുന്നുണ്ട്. മെഡിക്കൽ കോളജിലെത്തി ആദ്യം നോക്കിയ ഡോക്ടർ മൈഗ്രേൻ എന്ന സംശയം പറഞ്ഞു. ഇ.എൻ.ടി വന്നു നോക്കിയപ്പോഴേക്കും എന്റെ നാക്ക് കുഴഞ്ഞു. ഞാൻ പ്രതികരിക്കാതായി. പെട്ടെന്നവർ പിന്നിൽ കൈ പിടിച്ചു നോക്കിയിട്ട്, ‘ബോഡി സ്റ്റിഫ് ആയല്ലോ, ഇത് മെനിഞ്ചൈറ്റിസ് ആണെന്നു തോന്നുന്നു. എത്രയും പെട്ടെന്ന് ഒരു വെവന്റിലേറ്റർ ഐ.സി.യു സെറ്റ് ചെയ്യണം’ എന്നു പറഞ്ഞു.
ഇതൊക്കെ ഞാൻ പിന്നീടു മറ്റുള്ളവർ പറഞ്ഞു കേട്ടതാണ്. പെട്ടെന്ന് വെവന്റിലേറ്റർ ഐ.സി.യു വിലേക്ക് മാറ്റി. അപ്പോഴേക്കും ന്യൂറോയുടെ ഹെഡ് തോമസ് ഐപ്പ് സാർ വന്നു. അദ്ദേഹം വന്ന് നോക്കിയിട്ട് പറഞ്ഞത്, ”ഇത് ബാക്ടീരിയൽ മെനഞ്ചൈറ്റിസ് ആണെന്ന് ഞാൻ കരുതുന്നു. എത്രയും പെട്ടെന്ന് മരുന്നു തുടങ്ങണം” എന്നാണ്. വൈകിയാൽ കാര്യമില്ല. ഈ പോയിന്റിൽ തുടങ്ങണം. അങ്ങനെ ബോൺ മാരോ ടെസ്റ്റിനു മുമ്പേ എനിക്ക് മെഡിസിൻ തുടങ്ങി. ഒരു പ്രതീക്ഷയുമില്ല, ആള് അൺകോൺഷ്യസാണ്. പ്രതികരിക്കുന്നില്ല എന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ശരിയാണ്, ബാക്ടീരിയൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ഗുരുതരമാണ്. സൂപ്പർ സ്‌പ്രെഡ് ആയി. അപ്പോഴേക്കും മുഖ്യമന്ത്രി ഇടപെട്ടു. ഒരു മെഡിക്കൽ ബോർഡ് ഉണ്ടാക്കി. ചികിത്സകൾ തുടങ്ങി. 48 മണിക്കൂർ ആർക്കും പ്രതീക്ഷയില്ലായിരുന്നു. നാലാമത്തെ ദിവസമാണ് അപകടനില തരണം ചെയ്തത്.
ഐ.സി.യുവിൽ എന്നെ സെഡേഷൻ നൽകിയാണ് കിടത്തിയിരുന്നത്. ബ്രെയിനിനെ ബാധിച്ചിരിക്കുന്ന രോഗമായതിനാൽ നമ്മൾ അപ്പോൾ നോർമൽ മനുഷ്യരല്ലല്ലോ. ബോധം വരുമ്പോഴൊക്കെ ഞാൻ ഭയങ്കരമായി അലറുകയായിരുന്നത്രേ. എന്റെ ശരീരം മുഴുവൻ ഞാൻ കടിച്ചു മുറിച്ചു വച്ചിരിക്കുകയായിരുന്നു. പരിചരിക്കുന്ന എല്ലാവരെയും ഇടിക്കുന്നു, ചവിട്ടുന്നു. ട്യൂബുകൾ വലിച്ചു പറിക്കും. അതിനാൽ 6 ദിവസം എന്നെ ബെഡിൽ കയ്യും കാലും കെട്ടിയാണ് കിടത്തിയിരുന്നത്. 15 ദിവസം ഐ.സി.യുവിൽ. ഐ.സി.യുവിൽ നിന്നു നേരെ വീട്ടിലെത്തിച്ചു റൂം ഐസൊലേറ്റ് ചെയ്തു-ആ ഓർമ്മ അമൃത പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.