ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച ‘അംഫാൻ’ ന്യൂനമർദം ശക്തിപ്രാപിക്കുന്നു. ന്യൂനമർദം മേയ് 16 ഓടെ (നാളെ) ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇപ്പോൾ ഇത് ചുഴലിക്കാറ്റായി മാറിയിട്ടില്ലെന്നും എന്നാൽ ദിവസങ്ങൾക്കുള്ളിൽ ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘അംഫാന്‍’ ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതിനാല്‍ കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടു കൂടി കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നാളെ വൈകീട്ട് മുതൽ മഴയ്‌ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ മടങ്ങിവരണമെന്നാണ് നിർദേശം. ഇന്നു വൈകീട്ട് മുതൽ പലയിടത്തും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുന്നതിന്റെ ഭാഗമായി ശക്തമായ ഇടിമിന്നലും മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.