അതിതീവ്ര ചുഴലിക്കാറ്റായ ‘ഉം-പുന്‍’ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറും – പശ്ചിമ ബംഗാള്‍, ഉത്തര ഒഡീഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് – ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒരു അതിതീവ്രമായ ചുഴലിക്കാറ്റായി (Extremely Severe Cyclonic Storm) മാറിയിരിക്കുന്നു. 18 മെയ് 2020 ന് രാവിലെ 5.30 ന് 13.2°N അക്ഷാംശത്തിലും 86.3°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 790 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ (South Digha) നിന്ന് 940 കി.മീയും ദൂരെയാണിത്. അടുത്ത 12 മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 167കി.മീ മുതല്‍ 221 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര ചുഴലിക്കാറ്റെന്ന് (Extremely Severe Cyclonic Storm) വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കി.മീയുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന് (Super Cyclonic Storm) വിളിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടര്‍ന്നുള്ള അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.
അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് നിന്ന് മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല
കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ‘യെല്ലോ’ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മിമീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.