കൊച്ചി: മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നപരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചു.
മാത്രമല്ല, സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് അറിയിച്ചത്. ഇതിനൊപ്പം ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചതില്‍ ഷമ്മി തിലകനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആണ് യോഗം ആരംഭിച്ചത്. വളരെ നീണ്ടു നിന്ന എക്‌സിക്യൂട്ടീവ് യോഗം 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ജയസൂര്യ, വിജയ് ബാബു, ലാല്‍, ടിനി ടോം, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, ഇടവേള ബാബു, ശ്വേത മേനോന്‍, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളില്‍ ചിലര്‍ ഉറച്ച് നിന്നു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വനിതാ താര സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് മുന്നിലെത്തിയിരുന്നു.നടി പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടത്തിയത്.
കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
‘അവള്‍ക്കൊപ്പം’ എന്ന ടാഗും ചേര്‍ത്താണ് ഡബ്ല്യുസി സിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്
അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുമെന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്.