കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം (AMMA General Body) ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ പത്തിനാണ് പ്രസിഡന്‍റ് മോഹൻലാലിന്‍റെ (Mohanlal) അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിക്കുന്നത്. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക.
നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് മണിയടോ തന്നെ ഫലം പ്രഖ്യാപിക്കും. ആകെ 503 അംഗങ്ങളാണ് അമ്മ സംഘടനയിലുള്ളത്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടന്‍ സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുതലേദിവസം നടനിട്ട കുറിപ്പ് ഇതിനകം സംഘടനയ്ക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു തേടി സിദ്ദിഖിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്തെ വരികളാണ് വിവാദമായത്.
‘ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’
പോസ്റ്റിലെ ഈ പരാമര്‍ശങ്ങള്‍ വഴി സിദ്ദിഖ് ആരെയൊക്കെയാണ് വിമര്‍ശിക്കുന്നതെന്ന ചര്‍ച്ച അണിയറില്‍ സജീവമാണ്. നടന്‍ ഷമ്മി തിലകനും ഉണ്ണി ശിവ്പാലും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രംഗത്ത് വന്നെങ്കിലും നോമിനേഷനില്‍ ഒപ്പിടാന്‍ വിട്ടുപോയതിനെ തുടര്‍ന്ന് ഇവരുടെ നോമിനേഷന്‍ തളളിയിരുന്നു. രാവിലെ പത്ത് മണിക്കാണ് ജനറല്‍ ബോഡി തുടങ്ങുക.