എനിക്ക് സംസാരിക്കാൻ മൈക്ക് തന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് ഇറങ്ങിപ്പോകും’ എന്ന് ബാബുരാജ് ‘ആ പൊയ്‌ക്കോളൂ, പുറത്ത് കാറ് കിടപ്പുണ്ട്’ എന്നായിരുന്നു ശ്വേതയുടെ മറുപടി,വെളിപ്പെടുത്തല്‍

കൊച്ചി: താരസംഘടന ‘അമ്മ’യിലെ വിവാദങ്ങൾ അവസാനിപ്പിക്കാൻ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഇടപെടൽ തേടി നടി സീനത്ത്. ‘അമ്മ’യെ രക്ഷിക്കാൻ ഇരുവരും മൗനംവെടിയണമെന്നാണ് നടിയുടെ ആവശ്യം. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് നടി അഭ്യർഥന പങ്കുവെച്ചത്.

പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും രാജി പ്രഖ്യാപിച്ച ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങളും സീനത്ത് കത്തിൽ വെളിപ്പെടുത്തി. ‘ബാബുരാജിനെതിരെ പ്രസിഡന്റ് ശ്വേത സാമ്പത്തിക ആരോപണം ഉയർത്തി. അത് ബാബുരാജിനെ പ്രകോപിപ്പിച്ചു. ബാബുരാജ് മറുപടി പറയാൻ എഴുന്നേറ്റു, പക്ഷേ ശ്വേത മൈക്ക് കൊടുത്തില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ കുറച്ചുകൂടി പ്രകോപിപ്പിച്ചു എന്ന് പറയേണ്ടിവരും. ‘എനിക്ക് സംസാരിക്കാൻ മൈക്ക് തന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് ഇറങ്ങിപ്പോകും’ എന്ന് ബാബുരാജ് പറഞ്ഞപ്പോൾ, ‘ആ പൊയ്‌ക്കോളൂ, പുറത്ത് കാറ് കിടപ്പുണ്ട്’ എന്നായിരുന്നു ശ്വേതയുടെ മറുപടി. അതോടെ പ്രശ്‌നം വഷളായി. ബാബുരാജ് തിരിച്ച് ശ്വേതയ്‌ക്കെതിരെ വളരെ ഗൗരവമേറിയ ഒരു ആരോപണം ഉന്നയിച്ചു’, സീനത്ത് കുറിച്ചു.

നിരപരാധിത്തം തെളിയിക്കാതെ പ്രസിഡന്റ് സ്ഥാനമൊഴിയില്ലെന്ന ശ്വേതയുടെ പ്രതികരണത്തിന് പിന്നാലെയാണ് സീനത്തിന്റെ തുറന്നകത്ത്. സീനത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ സംഭവം ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ നടി ഉഷാ ഹസീനയും ആവർത്തിച്ചു.

സീനത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

എന്റെ കാഴ്ചപ്പാട്, ഒരു തുറന്ന കത്തിലൂടെ…

അമ്മ സംഘടനയുടെ നേതൃത്വസ്ഥാനത്തേക്ക് സ്ത്രീകൾ വരണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളായിരുന്നു ഞാനും. സംഘടനയ്ക്കകത്തുള്ളവരും പുറത്തുള്ളവരും സ്ത്രീകൾക്ക് വേണ്ടി ശക്തമായി സംസാരിച്ചു. നേതൃത്വസ്ഥാനം വഹിക്കാൻ മുന്നോട്ടുവന്ന ജഗതീഷിനെപ്പോലുള്ളവരെ പിന്മാറ്റാൻ പലരും ശ്രമിച്ചു, ആ ശ്രമം വിജയിക്കുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി ജഗതീഷ് പിന്മാറി. സ്ത്രീകൾ നല്ല വോട്ട് നേടി മുന്നോട്ടു വന്നു . 17 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 8 പേർ സ്ത്രീകൾ, അതിൽ 4 പേർ നേതൃത്വസ്ഥാനത്ത്! എന്തൊരു മനോഹരമായ കാഴ്ചയായിരുന്നു അത്, അല്ലേ?

പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ, ഒന്നിച്ചു നിൽക്കേണ്ടവർ മൂന്ന് ചേരിയായി തിരിഞ്ഞു. പരസ്പരം പോരും ചെളിവാരിയെറിയലും തുടർന്നു. പ്രസിഡന്റിനാണോ സെക്രട്ടറിക്കാണോ അധികാരം കൂടുതൽ എന്ന തർക്കം! ശരിക്കും പറഞ്ഞാൽ, ജനങ്ങളുടെ മുന്നിൽ അമ്മയുടെ നിലവാരം ഇവർ തകർത്തു എന്ന് പറയാതെ വയ്യ.

ഇത് എല്ലാ അമ്മ അംഗങ്ങൾക്കും വലിയ ദുഃഖം ഉണ്ടാക്കി. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകൾ ഈ കമ്മിറ്റിയുടെ ഭരണം മതിയാക്കണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. എല്ലാവരും നിശബ്ദമായി ജനറൽ ബോഡിവരെ കാത്തിരുന്നു. ജനറൽ ബോഡിയിൽ നല്ലൊരു വിഭാഗം ആളുകൾ ഒപ്പുവെച്ച അവിശ്വാസ പ്രമേയം കൊണ്ടുവന്നു.

എങ്കിലും അവർക്ക് പറയാനുള്ളത് കേൾക്കണം എന്ന് ഞങ്ങൾക്ക് തോന്നി. അവർക്ക് സംസാരിക്കാനുള്ള സമയം കൊടുത്തു. എന്നാൽ കിട്ടിയ സമയം അവർക്ക് വേണ്ടപോലെ ഉപയോഗിക്കാൻ പറ്റിയില്ല. അതിന് പ്രധാന കാരണം കണക്കുകൾ കൃത്യമായിരുന്നില്ല എന്നതാണ്. നിങ്ങളുടെ പരിചയക്കുറവ് കൊണ്ടോ എന്തോ കണക്കിൽ സുതാര്യത കൊണ്ടുവരാൻ നിങ്ങൾക്കു കഴിഞ്ഞില്ല.

അതോടെ പ്രശ്‌നങ്ങൾ കുറച്ചുകൂടി രൂക്ഷമായി. കണക്കുകൾ കൃത്യമാക്കിയിട്ട് വേണമായിരുന്നു ജനറൽ ബോഡി വിളിക്കേണ്ടിയിരുന്നത്, അല്ലെങ്കിൽ തീയതി മാറ്റിവെക്കണമായിരുന്നു.

പിന്നീട് ആരും പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്. ബാബുരാജിനെതിരെ പ്രസിഡന്റ് ശ്വേത സാമ്പത്തിക ആരോപണം ഉയർത്തി. അത് ബാബുരാജിനെ പ്രകോപിപ്പിച്ചു. ബാബുരാജ് മറുപടി പറയാൻ എഴുന്നേറ്റു, പക്ഷേ ശ്വേത മൈക്ക് കൊടുത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കുറച്ചുകൂടി പ്രകോപിപ്പിച്ചു എന്ന് പറയേണ്ടിവരും. ‘എനിക്ക് സംസാരിക്കാൻ മൈക്ക് തന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് ഇറങ്ങിപ്പോകും’ എന്ന് ബാബുരാജ് പറഞ്ഞപ്പോൾ, ‘ആ പൊയ്‌ക്കോളൂ, പുറത്ത് കാറ് കിടപ്പുണ്ട്’ എന്നായിരുന്നു ശ്വേതയുടെ മറുപടി. അതോടെ പ്രശ്‌നം വഷളായി. ബാബുരാജ് തിരിച്ച് ശ്വേതയ്‌ക്കെതിരെ വളരെ ഗൗരവമേറിയ ഒരു ആരോപണം ഉന്നയിച്ചു.

ഉടനെ ശ്വേത പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. പുറത്തിറങ്ങി മീഡിയയ്ക്ക് മുന്നിൽ വന്ന് ആ രാജി ഒന്നുകൂടി ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനം മാത്രമല്ല, അമ്മയുടെ അംഗത്വം വരെ രാജി വെച്ചു എന്ന് പ്രഖ്യാപിച്ചു. ‘ഇവിടെയൊരു പാവയായിരിക്കാൻ എനിക്ക് താല്പര്യമില്ല’ എന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞിരുന്നേൽ ഞങ്ങൾ എല്ലാവരും കൂടെ നിൽക്കുമായിരുന്നു. പക്ഷേ നിങ്ങളുടെ കമ്മിറ്റി അതിൽ പരാജയപ്പെട്ടു.

പക്ഷേ ഇന്ന് ശ്വേതയുടെ ഒരു കുറിപ്പ് കണ്ടു, രാജി വെച്ചിട്ടില്ലെന്ന്! അംഗത്വം രാജി വെച്ചോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. ജനറൽ ബോഡിക്ക് മുന്നിൽ അസോസിയേഷൻ പ്രസിഡന്റ് രാജി വെക്കുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്താൽ ആ കമ്മിറ്റിയുടെ കാലാവധി അവിടെ തീർന്നു. പിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. മോഹൻലാൽ പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ടപ്പോൾ അതേ കമ്മിറ്റി തന്നെയായിരുന്നു അഡ്-ഹോക്ക് കമ്മിറ്റിയായി പ്രവർത്തിച്ചത്. പക്ഷേ ശ്വേത പെട്ടെന്ന് ഇറങ്ങിപ്പോയതുകൊണ്ട് മറ്റൊരു കമ്മിറ്റിയെ ഉണ്ടാക്കുകയല്ലാതെ മറ്റ് നിവർത്തിയില്ല.

‘അമ്മ’യിൽ മുന്നേയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ 32 വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയും മോശമായ കാര്യങ്ങൾ ഉണ്ടാകുന്നത്. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു! അമ്മയ്ക്ക് വേണ്ടി സേവനം ചെയ്യാൻ വോട്ട് നേടി വന്നവരായിരുന്നു ഇവർ. ഓരോ സ്ഥാനങ്ങൾ ഏറ്റെടുക്കുമ്പോഴും ആ കസേരയുടെ ദൗത്യം എന്താണെന്നോ, അതിന്റെ ഗൗരവം എന്താണെന്നോ അറിയാത്തവരായിരുന്നോ ഇവർ എന്ന് തോന്നിപ്പോകുന്നു.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ച നടക്കുന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനായി- എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റുന്ന ആ ഒരു ദിവസത്തിന് വേണ്ടി- ഞങ്ങൾ കാത്തിരിക്കും. ഈ വർഷം ആ സന്തോഷം എല്ലാവർക്കും നഷ്ടപ്പെട്ടു. പലരും അറിഞ്ഞോ അറിയാതെയോ അമ്മയുടെ വേരറുക്കുകയാണ് ചെയ്യുന്നത്.

ഒരു സംശയം ചോദിക്കട്ടെ, സ്ത്രീ എന്നും ഭരിക്കപ്പെടേണ്ടവൾ ആണെന്നും ഭരണം കയ്യിലെടുക്കേണ്ടവൾ അല്ലെന്നും പറയാതെ പറയുകയാണോ ഈ ഭരണസമിതി ചെയ്തത്?

ഇനിയും തിരുത്താൻ സമയമുണ്ട്. അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവർ അല്ലേ നിങ്ങളൊക്കെ ? രാജി വെച്ചാൽ രാജി വെച്ചു, അത്രതന്നെ. ആ രാജി ജനറൽ ബോഡി അംഗീകരിക്കുകയും ചെയ്തു, അത് മനസ്സിലാക്കുക. പുതിയ അഡ്-ഹോക്ക് കമ്മിറ്റിയോട് സഹകരിക്കുക, കണക്കുകൾ എല്ലാം കൃത്യമാണെന്ന് തെളിയിക്കുക. എല്ലാവിധ സപ്പോർട്ടും ശ്വേതയ്ക്കുണ്ടാകും.

ഒന്ന് ഓർക്കുക, ഒന്നാം തീയതി ആയാൽ അക്കൗണ്ടിൽ 5,000 രൂപ വരുന്നത് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അസുഖം വന്നാലും ധൈര്യത്തോടെ നല്ല ഹോസ്പിറ്റലിൽ ചികിത്സ നേടാൻ അമ്മയുടെ ഇൻഷുറൻസ് ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ജീവിക്കുന്നവരാണ് ഭൂരിഭാഗവും.

ഈ അമ്മ സംഘടന ഉണ്ടാക്കാൻ, മൺമറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് കലാകാരന്മാരുടെ കഷ്ടപ്പാടുണ്ട്, പ്രതീക്ഷകളുണ്ട്. അത് ദയവായി നഷ്ടപ്പെടുത്തരുത്.

ലാൽജി, മമ്മൂക്ക, ദയവുചെയ്ത് മൗനം വെടിയൂ… അമ്മയെ രക്ഷിക്കൂ…

English Summary

Veteran actress Zeenath wrote an open letter on Facebook requesting superstars Mammootty and Mohanlal to break their silence and intervene to resolve the ongoing crisis in the artists’ association ‘AMMA’. In her letter, Zeenath revealed the dramatic chain of events that unfolded during the General Body meeting which eventually led to the resignation of President Shwetha Menon and her committee. She detailed a heated alteration between Shwetha Menon and Baburaj, where Shwetha raised financial allegations against Baburaj and denied him a microphone to respond, which provoked him to raise counter-allegations, thereby worsening the internal conflict.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News