ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലിലാണ് സ്ഥാനം നല്‍കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജയിലില്‍ അടച്ചാല്‍ നമ്മുടെ രാഹുല്‍ ഗാന്ധിയും, കെജ്രിവാളും രംഗത്തെത്തും. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയതായി ആരോപിക്കും. രണ്ട് വര്‍ഷം മുന്‍പ് സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ ശിക്ഷിക്കാനുള്ള അനുമതി കെജ്രിവാള്‍ തന്നില്ല.
അവര്‍ ഇപ്പോഴും നഗരത്തില്‍ സൈര്യവിഹാരം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന മുദ്രാവാക്യം നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ. ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടി നുറുക്കും എന്നാണ് ചിലര്‍ ക്യാമ്പസിനകത്ത് മുദ്രാവാക്യം മുഴക്കിയത്. ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുകയല്ലേ വേണ്ടത്. മാതൃരാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലില്‍ ആണ് സ്ഥാനം നല്‍കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
ബാദിലിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ നന്മയ്ക്കായാണ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ കലാപകാരികള്‍ രംഗത്ത് വന്നു. സിഎഎ നടപ്പാക്കിയതിന് ശേഷം രാജ്യത്ത് നടന്ന പ്രതിഷേധങ്ങളില്‍ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ ഇവര്‍ക്ക് ലജ്ജയില്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു