മുംബൈ: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മുകാശ്മീരില്‍ 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ വെല്ലുവിളി. പ്രത്യേക പദവിയുടെ മറവില്‍ പാകിസ്ഥാന് ജമ്മുകശ്മീരില്‍ ഭീകരവാദം വളര്‍ത്തുകയായിരുന്നു. 40,000 ജീവനുകളാണ് ഇതില്‍ ഹോമിക്കപ്പെടേണ്ടി വന്നത്. കശ്മീരില്‍ വികസനം സ്തംഭനാവസ്ഥയിലാണ്. എന്നിട്ടും പ്രത്യേക പദവി എടുത്തു കളയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
വോട്ടു ബാങ്കിനെ കുറിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വേവലാതി. ദേശീയ താത്പര്യങ്ങള്‍ മാനിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുകയായിരുന്നുവെന്നും, 56 ഇഞ്ച് നെഞ്ചുളള മോഡി മാത്രമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിന് ധൈര്യപ്പെട്ടുളളുവെന്നും അമിത് ഷാ പറഞ്ഞു.