കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന വാഹനമാണെന്ന് സിനിമതാരം അമിത് ചക്കാലക്കല്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂട്ടാനില്‍ നിന്ന് എത്തിയ വാഹനമാണോയെന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് തന്റെ കൈവശമുള്ള വാഹനങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും, ഭൂട്ടാനില്‍ നിന്നുള്ള വാഹനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. ഞാന്‍ വാഹനങ്ങള്‍ പണിയുന്ന വര്‍ക്ക്‌ഷോപ്പില്‍ എന്റെ കെയര്‍ ഓഫില്‍ പണിയെടുപ്പിക്കുന്നതിനായി വന്ന വാഹനങ്ങളാണിവ. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളില്‍ നിന്ന് എടുത്തവയാണെന്നും ഇതിന്റെയെല്ലാം ഇന്‍വോയിസുകള്‍ കസ്റ്റംസിന് കൈമാറി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചു. കസ്റ്റംസ് പിടിച്ചതില്‍ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അമിത് പറഞ്ഞു.
തന്റെ എസ്‌യുവിക്ക് പുറമെ, വര്‍ക്ക്‌ഷോപ്പില്‍ കിടന്ന രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് കൊണ്ടുപോയത്. ബാക്കിയുള്ള ചില വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കാത്തതില്‍ വര്‍ക്ക്‌ഷോപ്പില്‍ തന്നെ സീല്‍ ചെയ്തിട്ടുണ്ട്. എല്ലാ വാഹനങ്ങളുടെയും ഉടമകളെ ഈ വിവരം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകളുമായി കസ്റ്റംസിന് മുന്നില്‍ ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വാഹനങ്ങളൊന്നുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അമിത് അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജമായാണ്. ഇതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. 25 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത എന്റെ വാഹനത്തിലും എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന പരിശോധിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. വാഹനം തിരിച്ച് കിട്ടുന്നതിന് നീണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പല ആളുകള്‍ കൈമറിഞ്ഞ് എത്തിയ വാഹനമായതിനാല്‍ തന്നെ ഇത് ഇറക്കുമതി ചെയ്തത് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അമിത് പറയുന്നു.
20 വര്‍ഷമായി ഇന്ത്യയില്‍ ഉള്ള വാഹനമാണ് എന്റേത്. പക്ഷെ അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വര്‍ഷങ്ങളായി ഈ വാഹനം ഇന്ത്യയില്‍ ഉള്ളതാണെന്ന് തെളിയിക്കാന്‍ ആകെയുള്ള മാര്‍ഗം മുന്‍ ഉടമകള്‍ ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളാണ്. ഞാന്‍ ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തപ്പോള്‍ മുന്‍ ഉടമകള്‍ എനിക്ക് മെസേജ് അയയ്ക്കുകയും അവരുടെ നമ്പര്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അമിത് പറഞ്ഞു. 1999-ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് അമിതിന്റേത്.
ഇത് ആദ്യമായല്ല തന്റെ വണ്ടി അന്വേഷിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. കഴിഞ്ഞ നവംബര്‍ മാസം ഉദ്യോഗസ്ഥര്‍ എത്തി വാഹനം പരിശോധിക്കുകയും രജിസ്‌ട്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെ നല്‍കി ബോധ്യപ്പെടുത്തിയതാണെന്നും അമിത് പറഞ്ഞു. അന്ന് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന എല്ലാ വാഹനങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയും വാഹനങ്ങളുടെ പണി ചെയ്യരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ച് കഴിഞ്ഞ കുറെ മാസങ്ങളായി ഈ വാഹനങ്ങള്‍ എല്ലാം പണിയെടുക്കാതെ കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


