ലോസ് ആഞ്ചലസ്: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി എതിരാളികളായ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ തരംതാഴ്ത്തി സംസാരിച്ച അമേരിക്കന്‍ കായിക മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം. പ്രമുഖ അമേരിക്കന്‍ ചാനലായ ‘എബിസി 7 ലോസ് ആഞ്ചലസ്’ (ABC 7 Los Angeles) റിപ്പോര്‍ട്ടര്‍ അബിഗയില്‍ വെലെസ് ആണ് തത്സമയ സംപ്രേഷണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം നേരിടുന്നത്. ഇവരെ ചാനലില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ (റൗണ്ട് ഓഫ് 32) യു.എസ്.എ.യും ബോസ്‌നിയയും തമ്മിലുള്ള മത്സരത്തിന്റെ പ്രിവ്യൂ അവതരിപ്പിക്കുന്നതിനിടെയായിരുന്നു അബിഗയിലിന്റെ വിവാദ പരാമര്‍ശം. ‘അടുത്ത റൗണ്ടില്‍ ടീം യു.എസ്.എ. നേരിടുന്നത് ബോസ്‌നിയയെയാണ്. ബോസ്‌നിയയെക്കുറിച്ച് പറയുകയാണെങ്കില്‍, ലോകഭൂപടത്തില്‍ അത് എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും എനിക്ക് കഴിയില്ല. ബോസ്‌നിയയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, അത് അറിയാന്‍ താല്പര്യവുമില്ല. കാരണം ടീം യു.എസ്.എ. എക്കാലത്തെയും മികച്ച ഫോമിലാണ് മടങ്ങിയെത്തിയിരിക്കുന്നത്. അതുകൊണ്ട് ബോസ്‌നിയ ജാഗ്രതൈ, നിങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല.’ തത്സമയ പരിപാടിക്കിടെ നടത്തിയ ഈ അഹങ്കാരവും അജ്ഞതയും നിറഞ്ഞ ‘ട്രാഷ് ടോക്ക്’ (എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സംസാരം) നിമിഷങ്ങള്‍ക്കകമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
റിപ്പോര്‍ട്ടറുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബോസ്‌നിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ മാത്രമല്ല, പ്രമുഖ സ്‌പോര്‍ട്‌സ് നിരീക്ഷകരും യു.എസ്. ഫുട്‌ബോള്‍ ആരാധകരും ഒരേപോലെ രംഗത്തെത്തിയിട്ടുണ്ട്. ‘അമേരിക്കക്കാരുടെ പൊതുവായ അറിവില്ലായ്മയെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ അവര്‍ തന്നെ വീണ്ടും ശരിവെക്കുകയാണ്,’ എന്ന് ഒരു ബോസ്‌നിയന്‍ ആരാധകന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകയുടെ മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി അമേരിക്കന്‍ ആരാധകരും ബോസ്‌നിയയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാശിയും വെല്ലുവിളികളും സ്വാഭാവികമാണെന്നും എന്നാല്‍ ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഇത്തരത്തില്‍ അപമാനിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന് നിരക്കാത്തതാണെന്നും വിമര്‍ശനമുയരുന്നു.
സംഭവം വന്‍ വിവാദമായി മാറിയിട്ടും ചാനല്‍ അധികൃതരോ റിപ്പോര്‍ട്ടര്‍ അബിഗയില്‍ വെലെസോ ഇതുവരെ ഔദ്യോഗികമായി ക്ഷമാപണം നടത്താന്‍ തയാറായിട്ടില്ല. വരും ദിവസങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരാനിരിക്കെ ഈ സംഭവം മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.
English SummaryAn American journalist has sparked a massive international controversy with her arrogant and ignorant ‘trash talk’ during a live television broadcast. Commenting on Team USA’s upcoming match against Bosnia, she stated that she couldn’t even point out Bosnia on a world map and issued a warning saying, “Bosnia beware, you can’t handle this.” This dismissive remark has triggered widespread outrage globally, with many slamming the host for her lack of geographical knowledge and professionalism.


