കൊച്ചി:മലയാളത്തിൽ നായികയായും സഹനടിയായും അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് സുചിത്ര മുരളി. 2002 ൽ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ നടി ഇന്നൊരു ഐടി പ്രൊഫഷണലാണ്.
‘എല്ലാ നടിമാരും കല്യാണം കഴിഞ്ഞാൽ കുറഞ്ഞത് ആ രാജ്യത്തെങ്കിലും നിൽക്കും. എന്നെ സംബന്ധിച്ച് ഞാൻ കല്യാണം കഴിഞ്ഞതിന് ശേഷം രാജ്യവും കൾച്ചറും വിട്ടു. സിനിമയിലഭിനയിച്ചു എന്ന് പറയുന്നത് കഴിഞ്ഞ ജൻമത്തിലെ പോലൊരു ഫീലാണ്. അത്ര മാത്രം കൾച്ചറൽ ഗ്യാപ്പ് സംഭവിച്ചു. ഒന്നാമത് എന്റെ ഭർത്താവ് മലയാളിയല്ല’
‘പുള്ളി വളരെ വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന വ്യക്തിയാണ്. പിന്നെ ഞാൻ ഇടയ്ക്ക് നാട്ടിൽ വന്ന് ഷോ ചെയ്യുന്ന വ്യക്തിയുമില്ല. അവിടെ പുതിയൊരു ജൻമം പോലെയാണ് എല്ലാം പഠിച്ചതും. അമേരിക്കൻ കൾച്ചറുമായി ഇന്ത്യയിലേതിന് ഒരു ബന്ധവുമില്ല. എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി. ഭാഷ മുതൽ എല്ലാ അർത്ഥത്തിലും ഞാനവിടെ പുതിയ ജീവിതം തുടങ്ങി’
സിനിമാ തിരക്കുകളൊഴിഞ്ഞ് വിദേശത്തേക്ക് പോയപ്പോൾ ഒന്നും ചെയ്യാനില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും നടി വ്യക്തമാക്കി. ‘മകളൊക്കെ സ്കൂളിൽ പോയ സമയത്ത് അങ്ങനെ തോന്നിയിരുന്നു. മകൾ ജനിച്ച് മൂന്നാല് വയസ് വരെ എൻഗേജ്ഡ് ആയിരിക്കും’
അത് കഴിഞ്ഞ് ഒരു ഗ്യാപ്പ് വരും. ഒരു വിടവ് വല്ലാതെ തോന്നിയിരുന്നു. അങ്ങനെയാണ് ഡാൻസ് ക്ലാസും ഡാൻസ് പ്രോഗ്രാമുമാെക്കെ അവിടെ ചെയ്യുന്നത്. ഇനിയൊരു താരമല്ല, അത് പ്രതീക്ഷിച്ചിരിക്കാൻ പാടില്ലെന്ന തിരിച്ചറിവ് വരുമെന്നും നടി വ്യക്തമാക്കി
‘നാട്ടിൽ നിന്ന് പോവുമ്പോൾ പഠിത്തം പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ സമയമുണ്ടായിരുന്നു. കുറേ സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്തു. എനിക്ക് പരിചയമില്ലാത്ത മേഖലയാണ് ഐടി. ഭർത്താവ് ഐടി മേഖലയിലാണ്. അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ ഭാഗ്യത്തിന് പെട്ടെന്ന് ജോലി കിട്ടി’
‘വീക്കെന്റിൽ ഡാൻസ് സ്കൂൾ തുടങ്ങി. ഫിലാഡെൽഫിയയിൽ നിന്നും ഡാലസിലേക്ക് മൂവ് ചെയ്തു. അവിടെ ഒത്തിരി ഇന്ത്യക്കാരുണ്ട്. ഞാൻ ഡാൻസ് ക്ലാസ് തുടങ്ങിയപ്പോൾ ഒരുപാട് കുട്ടികളായി. മൂന്ന് സ്റ്റുഡിയോ തുടങ്ങേണ്ടി വന്നു. അപ്പോഴേക്കും ഒരു ഹെൽപ്പില്ലാതെ പറ്റാതായി. അങ്ങനെ ഡാൻസ് കുറച്ച് ഫുൾ ടൈം ഐടിയിലേക്ക് മാറി’
സിനിമയിലേക്ക് വരണമെന്ന് ഇടയ്ക്ക് തോന്നും. അവിടെ നിന്ന് വരാനൊക്കെ ബുദ്ധിമുട്ടാണ്. തിരിച്ചു വരുമ്പോൾ നല്ലൊരു ഹീറോയിൻ ക്യാരക്ടർ ചെയ്യണമെന്നായിരുന്നു. പ്രായം ചെന്ന നരയിട്ട വേഷം ചെയ്യണമെന്നില്ലായിരുന്നു. പക്ഷെ ഇപ്പോൾ അതിനുള്ള സമയം തീരേ ഇല്ല. ആഗ്രഹവും ഇല്ലെന്നും സുചിത്ര പറഞ്ഞു.
മലയാള സിനിമയിൽ അർഹിക്കുന്ന അവസരങ്ങൾ തനിക്ക് ലഭിച്ചിരുന്നില്ലെന്ന തോന്നുലുണ്ടെന്നും നടി വ്യക്തമാക്കി. പക്ഷെ അതിൽ വിഷമമില്ലെന്നും ഒരു പക്ഷെ വലിയ താരമായിരുന്നെങ്കിൽ തന്റെ ജീവിതം വേറൊരു തരത്തിലായേനെയെന്നും സുചിത്ര അഭിപ്രായപ്പെട്ടു.
ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ല. നമ്പർ 20 മദ്രാസ് മെയിൽ എന്ന ആദ്യ സിനിമയ്ക്ക് ശേഷം തനിക്ക് സിനിമയിൽ നിന്നും രണ്ട് മാസത്തോളം ഓഫറുകളൊന്നും വന്നിരുന്നില്ല. ഇതൊടെ അധികം കാത്തിരിക്കാതെ പിന്നീട് വന്ന സിനിമകൾ ചെയ്യുകയായിരുന്നെന്നും പക്ഷെ അന്ന് കുറച്ച് കൂടെ കാത്തിരിക്കാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.
‘മിമിക്സ് പരേഡ് ചെയ്യുമ്പോൾ ഇനി ഇങ്ങനെയുള്ള കോമഡി പടങ്ങൾ ചെയ്യില്ല എന്ന് കരുതിയപ്പോഴാണ് മിമിക്സ് പരേഡ് നൂറ് ദിവസം ഓടുന്നത് അതിനോടുബന്ധിച്ച് അതേ ടീമിനെ വെച്ച് പത്ത് പടങ്ങൾ വരുന്നത്. എനിക്കത് നിരസിക്കാൻ കഴിഞ്ഞില്ല. മറുവശത്ത് എനിക്ക് നല്ല ഓഫറുകൾ വന്നതുമില്ല,’ സുചിത്ര പറഞ്ഞു.